നടി ശ്വേത മോനോന് പിന്തുണ അറിയിച്ച് നടന്‍ ഷമ്മി തിലകന്‍. നടിക്കെതിരായ കേസ് അസംബന്ധമാണെന്നാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്. കോടതി നടപടി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കേസാണിതെന്നും ഇതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും കള്ളപ്പണ മാഫിയയും ആണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
"ശ്വേത മേനോനെതിരായ കേസിനെ കുറിച്ച് പല ചാനലുകളിലും നിയമവിദഗ്ധര്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. കോടതി നടപടി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കേസാണതെന്നാണ് എനിക്ക് മനസിലായത്. കോടതി എന്തുകൊണ്ടാണ് അങ്ങനെയൊരു ഉത്തരവിട്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അസംബന്ധമാണ് എന്നെ എനിക്ക് പറയാനുള്ളൂ. തീര്‍ച്ചയായും ശ്വേത ഇതിനെ നിയമപരമായി നേരിടണം. വ്യക്തിപരമായ എന്റെ അന്വേഷണത്തില്‍ നിന്നും മനസിലായത് ഇതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് എന്നതാണ്. കള്ളപ്പണ മാഫിയയാണ് ഇതിന് പിന്നിലുള്ളത്. ഇത്തരത്തിലുള്ള ഭീഷണിയും കാര്യങ്ങളും എനിക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇത് അധികാരത്തിന് വേണ്ടിയുള്ള ചീപ്പ് കളിയാണ്. അതിനെ അങ്ങനെയെ കാണാന്‍ സാധിക്കുകയുള്ളൂ. ശ്വേത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് ആരെങ്കിലും ഭയക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ അമ്മയിലെ അംഗമല്ല ഇപ്പോള്‍. സംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണ്", എന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്.
ശ്രീലത നമ്പൂതിരി, സാബു മോന്‍, രഞ്ജിനി, രവീന്ദ്രന്‍ എന്നീ അഭിനേതാക്കള്‍ ശ്വേതയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കേസ് വ്യാജമാണെന്നും അമ്മയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നിലവില്‍ ഇങ്ങനെയൊരു കേസ് വരാന്‍ കാരണമാണെന്നുമാണ് ഇവരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയില്‍ അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് നടി പണം സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് എടുത്തത്. ഇതിനെതിരെ ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.