
നടി ശ്വേത മേനോനെതിരായ കേസ് 'അമ്മ'യിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നടി ശ്രീലത നമ്പൂതിരി. ശ്വേത മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ പരാതി വന്നതെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. പരാതിയില്‍ പറയുന്ന സിനിമ റിലീസ് ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണിപ്പോളെന്നും അവര്‍ വ്യക്തമാക്കി.
നടന്‍ മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് താരങ്ങള്‍ക്കെതിരായ പരാതിയില്‍ മനം മടുത്താണെന്നും ശ്രീലത നമ്പൂതിരി പറയുന്നു. അതോടൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീ വരട്ടെയുന്നും അവര്‍ അഭിപ്രായപ്പെട്ടു.
ശ്രീലത നമ്പൂതിരിക്ക് പുറമെ താരങ്ങളായ രഞ്ജിനി, സാബുമോന്‍, രവീന്ദ്രന്‍ എന്നിവരും ശ്വേത മേനോനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സത്യമാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നാണ് രഞ്ജിനി പറഞ്ഞത്. ആരോപണം വ്യാജമാണെന്ന് വ്യക്തമാണെന്നും സിനിമ മേഖലയിലുള്ളവര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്ന് സാബുമോനും പറഞ്ഞു. ശ്വേതയ്‌ക്കെതിരായ കേസ് ഒറ്റക്കെട്ടായി നേരിടുമെന്നും കേസിനെ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും രവീന്ദ്രനും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയില്‍ അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് നടി പണം സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് എടുത്തത്. ഇതിനെതിരെ ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.