ശർവാനന്ദ് ചിത്രം ‘ഭോഗി’യുടെ റിലീസ് മാറ്റിവച്ചതായി അണിയറപ്രവർത്തകർ. നവംബർ 13നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് റിലീസ് തീയതി മാറ്റിയിരിക്കുന്നത്.
സിബിഎഫ്സി ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടർന്നാണ് റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ശനിയാഴ്ച നിശ്ചയിച്ചിരുന്ന ട്രെയ്‌ലർ ലോഞ്ചും പ്രീ-റിലീസ് ഇവന്റും മാറ്റിവച്ചിരുന്നു. സർട്ടിഫിക്കേഷൻ പൂർത്തിയായ ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന 'ഭോഗി' 1960കളുടെ തുടക്കത്തിൽ മഹാരാഷ്ട്ര–ആദിലാബാദ് അതിർത്തിയിൽ നടക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ്. മലയാളി താരം അനുപമ പരമേശ്വരനും ഡിംപിൾ ഹയാതിയുമാണ് ചിത്രത്തിലെ നായികമാർ.
ശ്രീ സത്യസായി ആർട്സിന്റെ ബാനറിൽ കെ.കെ. രാധാമോഹനാണ് നിർമാണം. സംഗീതം - സിസിറോലിയോ, ഗാനരചന - ചന്ദ്രബോസ്, ഛായാഗ്രാഹണം - കിഷോർ കുമാർ, കലാ സംവിധാനം - കിരൺ കുമാർ മാനെ, ആക്ഷൻ കൊറിയോഗ്രഫി - ദിലീപ് സുബ്ബരായൻ.