തൃശൂരിൽ 'സൂത്രവാക്യം' സിനിമയുടെ പ്രമോഷനായി ഒന്നിച്ചെത്തി ഷൈൻ ടോം ചാക്കോയും വിൻ സി അലോഷ്യസും. Souce: News Malayalam 24x7
MOVIES

വീണ്ടും എല്ലാവരേയും ചിരിപ്പിച്ച് ഷൈൻ ടോം ചാക്കോ; പിണക്കം മറന്ന് 'സൂത്രവാക്യം' സിനിമയുടെ പ്രമോഷന് ഒരുമിച്ചെത്തി വിൻസി | VIDEO

പിതാവിൻ്റെ ജീവനെടുത്ത കാറപകടത്തിന് ശേഷം ഇതാദ്യമായാണ് ഷൈൻ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. തൃശൂരിലാണ് വാർത്താസമ്മേളനം നടന്നത്.

Author : ന്യൂസ് ഡെസ്ക്

പിണക്കം മറന്ന് 'സൂത്രവാക്യം' സിനിമയുടെ പ്രമോഷനായി ഒന്നിച്ചെത്തി ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. പിതാവിൻ്റെ ജീവനെടുത്ത കാറപകടത്തിന് ശേഷം ഇതാദ്യമായാണ് ഷൈൻ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. തൃശൂരിലാണ് വാർത്താസമ്മേളനം നടന്നത്.

ഇതേ സിനിമയുടെ ലൊക്കേഷനിൽ ഷൈൻ ടോം ലഹരി ഉപയോഗിച്ചെത്തിയെന്ന ആരോപണം വിൻ സി ഉന്നയിച്ചത് സിനിമാ ലോകത്ത് വലിയ കോളിളക്കങ്ങൾക്ക് കാരണമായിരുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ വിൻസിയോട് ക്ഷമ ചോദിക്കുന്നുവെന്നും ഒന്നും മനപ്പൂർവം ചെയ്തതല്ലെന്നും സിനിമാ സെറ്റിലെ വാക്കുകളെല്ലാം തമാശയായി പറഞ്ഞതാണെന്നും ഷൈൻ വിശദീകരിച്ചു. താൻ ആരാധിക്കുന്ന വ്യക്തിയിൽ നിന്ന് തന്നെ ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോഴാണ് പരാതിയുമായി എത്തിയതെന്ന് വിൻസി മറുപടി നൽകി. ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തെന്നും വിൻസി മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം, കൂടുതലും വിവാദങ്ങളോട് പ്രതികരിക്കാതെ സിനിമയെ കുറിച്ച് തന്നെയാണ് ഷൈൻ ടോം ചാക്കോ ഇന്ന് കൂടുതലും സംസാരിച്ചത്. ഇടയ്ക്ക് സംസാരിക്കുന്നതിനിടെ ഫോൺ ബെല്ലടിച്ചപ്പോൾ അത് സൈലൻ്റാക്കി വെച്ചൂടെയെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ, "ഇപ്പോൾ എൻ്റെ സ്വഭാവം നിങ്ങൾക്കായോ?" എന്ന് ഷൈൻ സരസമായി മറുപടി നൽകിയത് എല്ലാവരിലും ചിരി പടർത്തി.

പ്രസ് മീറ്റിൽ ഷൈൻ ടോം ചാക്കോ സംസാരിക്കുന്നത് ശ്രദ്ധിച്ചിരിക്കുന്ന വിൻസി അലോഷ്യസ്

10 പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ പത്തും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും 'സൂത്രവാക്യ'ത്തിലേത് സംവിധായകൻ മോൾഡ് ചെയ്തെടുത്ത പൊലീസ് വേഷമാണെന്നും ഷൈൻ ടോം പറഞ്ഞു. "സൂത്രവാക്യത്തിൽ പിള്ളേരോട് സൗമ്യമായി പെരുമാറുന്ന പൊലീസുകാരനാണ്. അത്യാവശ്യം ഘട്ടത്തിൽ സീരിയസാകുന്ന പൊലീസുകാരനും കൂടിയാണ്. സാധാരണ പൊലീസ് വേഷങ്ങളേക്കാൾ സൗമ്യനായിട്ട് പെരുമാറുന്ന ക്യാരക്ടറാണ് ഈ ചിത്രത്തിലേത്," ഷൈൻ ടോം പറഞ്ഞു.

"ഇതിന് മുമ്പ് ഉണ്ടയിൽ ചെയ്തിരുന്നത് കുറച്ചുകൂടി അഗ്രസീവായിട്ടുള്ള പൊലീസുകാരൻ്റെ വേഷമാണ്. ക്രിസ്റ്റഫറിൽ നെഗറ്റീവ് ഷേഡുള്ള തമാശക്കാരനായ പൊലീസുകാരനായിരുന്നു. തല്ലുമാലയിൽ അടിയും ഇടിയും ബഹളവുമൊക്കെ ആയിട്ടുള്ളൊരു പൊലീസുകാരനായിരുന്നു," ഷൈൻ ടോം പറഞ്ഞു.

ഈ സിനിമയിൽ ഒരു ടീച്ചറുടെ വേഷമാണ് താൻ ചെയ്യുന്നതെന്നും ക്ലാസിൽ കുട്ടികൾ കയറാത്തതിൽ ദേഷ്യം പിടിക്കുന്ന പരാതിപ്പെടുന്നൊരു കഥാപാത്രമാണ് തൻ്റേതെന്നും വിൻസി വിശദീകരിച്ചു. തൻ്റെ അമ്മയും ടീച്ചറാണെന്നും വീട്ടിൽ കുരുത്തക്കേട് കാണിക്കുമ്പോൾ നല്ലോണം തല്ലുവാങ്ങിയിട്ടുണ്ടെന്നും വിൻസി വ്യക്തമാക്കി.

SCROLL FOR NEXT