'പിക്കാസോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ 
MOVIES

ശിവ രാജ്കുമാറിനൊപ്പം അബിഷൻ ജീവിന്ത്; നായികയായി യോഗലക്ഷ്മി, 'പിക്കാസോ' ഫസ്റ്റ് ലുക്ക് പുറത്ത്

ഋഷഭ് ഷെട്ടിയാണ് സിനിമയുടെ ഫസ്റ്റ് ലുക്കും, ടൈറ്റിലും പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

കന്നഡ സൂപ്പർ താരം ശിവ രാജ്കുമാറും അബിഷൻ ജീവിന്തും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. 'പിക്കാസോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഗൗതം ശിവരാമനാണ് സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് സിനിമയുടെ ഫസ്റ്റ് ലുക്കും, ടൈറ്റിലും തന്റെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടത്.

2025ൽ റിലീസായ 'ടൂറിസ്റ്റ് ഫാമിലി' എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ അബിഷൻ നായകനാകുന്ന രണ്ടാം ചിത്രമാണ് 'പിക്കാസോ'. 'വിത്ത് ലവ്' എന്ന ചിത്രത്തിലൂടെയാണ് അബിഷൻ നായകനായി അരങ്ങേറിയത്. മലയാളി താരം അനശ്വര രാജനായിരുന്നു ഈ ചിത്രത്തിലെ നായിക. ഇരുചിത്രങ്ങൾക്കും മികച്ച പ്രേക്ഷക - നിരൂപക പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നു.

'ടൂറിസ്റ്റ് ഫാമിലി'യിലൂടെ പ്രശസ്തയായ യോഗലക്ഷ്മിയാണ് 'പിക്കാസോ'യിലെ നായിക. ശിവാനി, ഗാനാ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രാം ചരൺ നായകനായ 'പെദ്ധി'യാണ് അവസാനം പുറത്തിറങ്ങിയ ശിവ രാജ്കുമാർ ചിത്രം. രജനികാന്തിന്റെ 'ജയിലർ 2', 'ഗുമ്മഡി നരസയ്യ' എന്നിവയാണ് നടന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. അതേസമയം, വെട്രിമാരൻ - സിലമ്പരസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അരസൻ' എന്ന ചിത്രത്തിനാണ് യോഗലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിന്റെ 'ദ കോർട്ട്' എന്ന സീരീസിലെ പ്രധാന വേഷവും നടിയാണ് ചെയ്യുന്നത്.

ഡ്രാമ കമ്പനിയുടെ ബാനറിൽ എ. ബാലമുരുഗനാണ് പിക്കാസോ നിർമിക്കുന്നത്. പ്രഗദീഷ് പ്രഭു എസ് ആണ് ഛായാഗ്രഹണം. തിരക്കഥ - ഗൗതം ശിവരാമൻ, സംഗീതം - ലിയോൺ ജെയിംസ്, എഡിറ്റർ - സുരേഷ്കുമാർ എസ്, കലാ സംവിധാനം - വിജു വിജയൻ.

SCROLL FOR NEXT