'കാന്താര ചാപ്റ്റര്‍ ഒന്ന്' 
MOVIES

പ്രതിസന്ധികള്‍ക്കൊടുവിൽ കാന്താരയ്ക്ക് പായ്ക്ക് അപ്പ്; മേക്കിങ് വീഡിയോ പുറത്ത് വിട്ട് ഹോംബാലെ ഫിലിംസ്

2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വൽ ആണ് ഇത്. സമൂഹ മാധ്യമം വഴിയാണ് ഋഷഭ് ഷെട്ടി ഈ വിവരം പുറത്ത് വിട്ടത്.

Author : ന്യൂസ് ഡെസ്ക്

കാന്താര എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന കാന്താര 2 ന്‍റെ ചിത്രീകരണം പൂർത്തിയായി. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വൽ ആണ് ഇത്. സമൂഹ മാധ്യമം വഴിയാണ് ഋഷഭ് ഷെട്ടി ഈ വിവരം പുറത്ത് വിട്ടത്. പിന്നാലെ ഹോംബാലെ ഫിലിംസ് ചിത്രത്തിന്‍റെ മേക്കിങ് വിഡിയോയും യൂട്യൂബിലൂടെ പുറത്ത് വിട്ടു.

'കാന്താര ചാപ്റ്റര്‍ ഒന്ന്' എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറങ്ങിയ അനൗൺസ്മെന്‍റ് പോസ്റ്ററും ടീസറും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബർ 2 -നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബി.അജനീഷ് ലോക്നാഥ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

കാന്താരയുടെ ചിത്രീകരണ വേളയിൽ വനം വകുപ്പില്‍ നിന്നുള്ള നോട്ടീസ് മുതല്‍ ബോട്ട് അപകടം വരെ നീണ്ടു നിന്ന പ്രതിസന്ധികള്‍ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരും നേരിട്ടിരുന്നു. അപകടത്തിൽ ഒരു മലയാളി മരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

2022-ൽ കന്നഡയില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്യുകയായിരുന്നു. അതേസമയം, 'കാന്താര ചാപ്റ്റര്‍ ഒന്ന്' വലിയ ക്യാന്‍വാസിലാണ് ഒരുക്കുന്നതെന്നാണ് മേക്കിങ് വിഡിയോയിൽ നിന്ന് മനസിലാക്കുന്നത്. 16 കോടി രൂപയായിരുന്നു ആദ്യ ഭാഗത്തിന്‍റെ ബഡ്ജറ്റ്. എന്നാൽ, കാന്താര ചാപ്റ്റർ 1-ന്‍റെ ബഡ്ജറ്റ് 125 കോടിയാണ് . ഋഷഭ് ഷെട്ടി, ജയറാം, സപ്തമി ഗൗഡ, കിഷോർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

SCROLL FOR NEXT