
തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിങ് ഭ്രമത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൽ അജിത്തിന്‍റെ കാർ അപകടത്തിൽപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
അപകടത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ട്രാക്കിൽ നിന്ന് മാറ്റാന്‍ സഹായിക്കുന്ന നടന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
നിർത്തിയിട്ട കാറുമായിട്ടായിരുന്നു അജിത്തിന്‍റെ കാർ കൂട്ടിയിടിച്ചത്. അദ്ദേഹത്തിന്‍റെ പരിചയ സമ്പന്നതയും, പെട്ടന്നുള്ള ഇടപെടലും കാരണമാണ് വലിയ അപകടം ഒഴിവായത്. ബെൽജിയത്തിൽ നടക്കുന്ന സ്പാ-ഫ്രാങ്കോർചാംപ്സ് സർക്യൂട്ടിലെ മൂന്നാം റൗണ്ടിൽ തയാറെടുക്കുകയാണ് അജിത്ത് ഇപ്പോള്‍.
ട്രാക്ക് വൃത്തിയാക്കുന്ന വീഡിയോ വൈറൽ ആയതിന് പിന്നാലെ, നിരവധി കമന്‍റുകളാണ് അജിത്തിനെ പ്രശംസിച്ചുകൊണ്ട് വരുന്നത്. ഡ്രൈവർമാർ പോലും ഇങ്ങനെ ചെയ്യുന്നില്ലെന്നും അജിത്തിന്‍റെ വിനയമാണിത് കാണിക്കുന്നതെന്നുമാണ് ഒരു കമന്‍റ്.
2003-ലാണ് അജിത്ത് കാർ റേസിങ്ങിലേക്ക് കടക്കുന്നത്. 2010 അദ്ദേഹം ഫോർമുല 2 ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തു. ജർമനി, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിലും അദ്ദേഹം മത്സരിച്ചു. ഇന്ത്യന്‍ സിനിമയ്ക്കും കാർ സ്പോർട്ട്സിനും നൽകിയ സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. പത്ത് കൊല്ലത്തോളം കാർ റേസിങ്ങിൽ നിന്നും ഇടവേള എടുത്ത അജിത്ത് അടുത്തിടെ ശക്തമായി തിരിച്ചുവരുകയായിരുന്നു.
അതേസമയം, അജിത്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ സിനിമ 'ഗുഡ് ബാഡ് അഗ്ളി' 2025 -ൽ തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ്.