ശ്രുതി ഹാസന്‍ തന്റെ പുതിയ ചിത്രമായ കൂലിയുടെ റിലീസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമാണ് ശ്രുതി ഹാസന്‍. റിലീസിന് മുന്നോടിയായി ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് ആശങ്കയുണ്ടോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'ബോയ്‌സ് പ്രോബ്ലം' എന്നാണ് ബോക്‌സ് ഓഫീസ് കളക്ഷനെ ശ്രുതി വിശേഷിപ്പിച്ചത്. വാണിജ്യ സിനിമകള്‍ അതിലെ സ്ത്രീകളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും താരം സംസാരിച്ചു.
"ബോക്‌സ് ഓഫീസിന്റെ കാര്യം പരിശോധിക്കുമ്പോള്‍ പുരുഷ നടന്മാര്‍ക്കും സംവിധായകര്‍ക്കും മേലാണ് സമ്മര്‍ദ്ദം കൂടുതല്‍. അവരുടെ ആഴ്ച്ച മുഴുവന്‍ ബോക്‌സ് ഓഫീസ് നമ്പറിന്‍ മേലാണ് പോകുന്നത്. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകള്‍ക്ക് ഒരിക്കലും ആ ബോക്‌സ് ഓഫീസ് നമ്പറുകളല്ല ഉണ്ടാവുക. അവിടെ ബ്രേക്ക് ഈവന്‍ ചെയ്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുക എന്നതാണ് സമ്മര്‍ദ്ദം. അത് 2000 കോടി ക്ലബ്ബിനെ കുറിച്ചല്ല. ഒരുപക്ഷെ അടുത്ത ക്ലബ്ബിനെ കുറിച്ചായിരിക്കും", എന്ന് ശ്രുതി സൂമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"നമ്പറുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അത് ശരിക്കും ഒരു ബോയ്‌സ് പ്രോബ്ലമാണ്. അത്തരം സിനിമകളില്‍ പ്രവര്‍ത്തിക്കുന്നത് ശരിക്കും നല്ലതാണ്. കൂടാതെ ഈ വലിയ സിനിമകളുടെ ഭാഗമാകുന്നതില്‍ ചില നേട്ടങ്ങളുമുണ്ട്. അതില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് അത് പ്രയോജനകരമാണ്. നിങ്ങള്‍ വിറ്റഴിക്കാവുന്ന ഒരു സംരംഭത്തിന്റെ ഭാഗമാകുന്നു", എന്നും നടി വ്യക്തമാക്കി.
അഭിമുഖത്തില്‍ കൂലിയെ കുറിച്ചും താരം സംസാരിച്ചു. "ലോകേഷിന്റെ എല്ലാ സിനിമകള്‍ക്കും പൊതുവായ ഒരു ത്രെഡുണ്ട്. അവയില്‍ ആക്ഷന്‍ എന്നിവയുണ്ടാകും. അതോടൊപ്പം വൈകാരികമായ കണക്ഷനും ഉണ്ടാകും. ഈ കഥയിലും അതുണ്ട്. വ്യത്യാസം ഈ സിനിമയുടെ സ്‌കെയില്‍ വളരെ വലുതാണ് എന്നതാണ്", ശ്രുതി കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററിലെത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും.