'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍ Source: Facebook/ Shwetha Menon
MOVIES

"അമ്മയെ എ.എം.എം.എ എന്ന് വിളിക്കുന്നത് നിര്‍ത്തൂ"; സംഘടന ഒരു വികാരമാണെന്ന് ശ്വേത മേനോന്‍

ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചതായി എനിക്ക് തോന്നുന്നില്ല : ശ്വേത മേനോന്‍

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ 'അമ്മ'യെ എഎംഎംഎ എന്ന് വിളിക്കുന്നത് നിര്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇതേ കുറിച്ച് സംസാരിച്ചത്. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളോടുള്ള സന്ദേശമെന്താണെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

"അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നത് നിര്‍ത്തൂ. ഇടയില്‍ ഫുള്‍ സ്റ്റോപ്പ് നല്‍കികൊണ്ടല്ല ഞങ്ങള്‍ പോലും സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമ്മ എന്നാണ് ആ വാക്കിന് അര്‍ത്ഥം. അതിനിടയില്‍ കുത്തുകള്‍ ഇടരുത്", ശ്വേത മേനോന്‍ പറഞ്ഞു.

"ഇത് വളരെ പ്രധാനമാണ്. കാരണം അമ്മ എന്നതൊരു വികാരമാണ്. ഇടയ്ക്ക് കുത്തുകളിട്ടുകൊണ്ട് ആ വികാരത്തെ ഇല്ലാതാക്കരുത്. പിന്നെ അമ്മയിലെ അംഗങ്ങളോട് പറയാനുള്ളത്, ഇത് ഞാന്‍ പ്രസിഡന്റ് എന്ന നിലയിലാണ് പറയുന്നത്. മുന്നിലേക്ക് കടന്ന് വന്ന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയൂ. ഞാന്‍ ഒരു ഫോണ്‍ കോള്‍ അകലത്തിലുണ്ട്. ഞാന്‍ നിങ്ങളുടെ ആളാണ്", എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അമ്മ സംഘടനയെ വിമര്‍ശിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. "ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചതായി എനിക്ക് തോന്നുന്നില്ല. സ്ത്രീകള്‍ നേരിടുന്ന പല കാര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് മാറ്റണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഞാന്‍ അതിനോട് പൂര്‍ണമായും യോജിക്കുന്നു. തൊഴില്‍ അന്തരീക്ഷം മാറേണ്ടതുണ്ട്. മാറ്റം വരുത്താന്‍ നാമെല്ലാവരും ഒന്നിക്കണം. എല്ലാവര്‍ക്കും കൂട്ടായി മുന്നോട്ട് വന്ന് വ്യവസ്ഥിതിയെ മാറ്റാന്‍ സാധിക്കും. ഞാന്‍ അതില്‍ വിശ്വസിക്കുന്നു", എന്നാണ് ശ്വേത മറുപടി പറഞ്ഞത്.

SCROLL FOR NEXT