ചെന്നൈ: ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്ന ബേസിൽ ജോസഫ് - ടൊവിനോ തോമസ് ചിത്രം 'അതിരടി' സിനിമയുടെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. മെയ് 22നാണ് ചിത്രത്തിന്റെ തമിഴ് ഡബ്ബ് റിലീസ് ആകുന്നത്. ആദ്യമായാണ് ബേസിൽ നായകനായ ഒരു ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നത്.
'അതിരടി' കണ്ട തമിഴ് താരം ശിവാർത്തികേയൻ സിനിമയെ പ്രശംസിച്ചു. "പ്രിയ സഹോദരൻ ബേസിൽ ജോസഫ്, 'അതിരടി' എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങളുടെ ഒരു സിനിമ ആദ്യമായി തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നതിലും, നിങ്ങൾ തമിഴിൽ സംസാരിക്കുന്നത് കേൾക്കുന്നതിലും വലിയ ആവേശമുണ്ട്," എന്നാണ് ശിവകാർത്തികേയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നേരത്തെ, നടൻ നായകനായ 'പരാശക്തി' എന്ന സിനിമയിൽ ബേസിൽ ജോസഫ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
അതേസമയം, ഗംഭീര കളക്ഷനാണ് 'അതിരടി'ക്ക് കേരള ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ദിനം തകർപ്പൻ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. 13.3 കോടിയോളമാണ് ആദ്യ ദിന ആഗോള ഗ്രോസ്. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് 'അതിരടി' നേടിയത്. 'എമ്പുരാൻ' (18.60 കോടി), 'പേട്രിയറ്റ്' (10 കോടി) എന്നീ ചിത്രങ്ങളാണ് മുന്നിൽ. ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു.
നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സിനിമയുടെ സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി' നിർമിച്ചിരിക്കുന്നത്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം.