നിങ്ങളുടെ വാക്കുകൾ കളക്ഷൻ റെക്കോർഡുകളേക്കാളും എനിക്ക് വിലപ്പെട്ടതാണ്: മോഹൻലാൽ

സിനിമ കാണാൻ എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും എത്തിയിരുന്നു
'ദൃശ്യം 3' സിനിമ
'ദൃശ്യം 3' സിനിമ
Published on
Updated on

കൊച്ചി: ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം 'ദൃശ്യം 3'ക്ക് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമ കാണാൻ എറണാകുളം കവിത തിയേറ്ററിൽ നടനും എത്തിയിരുന്നു. ഇപ്പോഴിതാ, 'ദൃശ്യം 3' ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

"തീവ്രമായ സ്നേഹത്തോടും അഭിനിവേശത്തോടും കൃതജ്ഞതയോടും കൂടിയാണ് 'ദൃശ്യം 3' നിർമിച്ചത്. അതിന് നിങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം എന്നെ ആഴത്തിൽ സ്പർശിച്ചു. നിങ്ങളുടെ റിവ്യൂകളും വാക്കുകളും നിങ്ങൾ പങ്കുവച്ച വികാരങ്ങളും ഏതൊരു കളക്ഷൻ റെക്കോർഡുകളേക്കാളും എനിക്ക് ഏറെ വിലപ്പെട്ടതാണ്. ഈ സിനിമ കണ്ടതിനും, ഇതിലെ ഓരോ നിമിഷങ്ങളും ഹൃദയത്തോട് ചേർത്തുവെച്ചതിനും, ജോർജുകുട്ടിയെയും കുടുംബത്തെയും നിങ്ങളുടെ സ്വന്തമായി നെഞ്ചിലേറ്റിയതിനും ഹൃദയം നിറഞ്ഞ നന്ദി," മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. 'ദൃശ്യം 3' ഹിന്ദി പതിപ്പിന്‍റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സിനിമയുടെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ അവകാശങ്ങൾ വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 350 കോടി രൂപയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് സൂചന. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

'ദൃശ്യം 3' സിനിമ
കുടുംബത്തിന് വേണ്ടി എന്തും! ജോർജുകുട്ടിയുടെ മൂന്നാം വരവ് | Drishyam 3 Review

സതീഷ് കുറുപ്പാണ് 'ദൃശ്യം 3'യുടെ ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക് വി.എസ്, സംഗീതം: അനിൽ ജോൺസൺ, വസ്ത്രാലങ്കാരം: ലിന്റ ജീത്തു, ശബ്ദലേഖനം: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, വി.എഫ്.എക്സ്: ടോണി മാഗ്മിത്ത്, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്.

News Malayalam 24x7
newsmalayalam.com