ഇനിമുതൽ മാസ് കൊമേഷ്യൽ ചിത്രങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് തമിഴ് നടൻ ശിവകാർത്തികേയൻ. ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്യുന്ന 'സേയോൻ', രാംകുമാർ ബാലകൃഷ്ണനൊപ്പമുള്ള 'SK27' എന്നിവയുൾപ്പെടെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ അപ്ഡേറ്റും താരം പങ്കുവച്ചു. അടുത്തിടെ നടന്ന ആരാധക സംഗമത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"ഇവിടെനിന്നങ്ങോട്ട്, പൂർണമായും വിനോദപ്രദമായ മാസ് കൊമേഴ്ഷ്യൽ സിനിമകൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ," ശിവകാർത്തികേയൻ ആരാധകരോട് പറഞ്ഞു. രാംകുമാറുമായുള്ള തന്റെ അടുത്ത ചിത്രം ഒരു "സോളിഡ് മാസ് കൊമേഴ്ഷ്യൽ എന്റർടെയ്നർ" ആയിട്ടാണ് ഒരുങ്ങുന്നതെന്നും ചിത്രീകരണം പുരോഗമിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
തന്നെ വിമർശിക്കുന്നവരെക്കുറിച്ച് വേവലാതിപ്പെട്ട് സമയം കളയരുതെന്നും ശിവകാർത്തികേയൻ ആരാധകരോട് അഭ്യർഥിച്ചു. "ചിലർ നമ്മളെ അനാവശ്യമായി വിമർശിച്ചുകൊണ്ടിരിക്കും. അവർ അത് തുടരട്ടെ. പുഞ്ചിരിക്കുക, സന്തോഷത്തോടെ ഇരിക്കുക, മുന്നോട്ട് പോവുക. ആരെങ്കിലും നമ്മോട് എന്തെങ്കിലും ചെയ്താൽ, പ്രതികാരം ചെയ്യാൻ സമയം പാഴാക്കരുത്. പകരം, നമ്മളെ ഈ നിലയിൽ എത്തിക്കാൻ സഹായിച്ച ആളുകൾക്ക് എന്തെങ്കിലും തിരിച്ചുനൽകുക," നടൻ പറഞ്ഞു.
ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന 'സേയോൻ' സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായി ശിവകാർത്തികേയൻ അറിയിച്ചു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ, ആർ. മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
'അമരന്' ശേഷം ശിവകാർത്തികേയനും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. 'കാന്ത'യിലൂടെ ശ്രദ്ധിക്കപ്പെട്ട ഭാഗ്യശ്രീ ബാർസെ ആണ് നായിക. 'SK27' ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും ഒരു ഫൈറ്റ് സീക്വൻസ് പൂർത്തിയായതായും ശിവകാർത്തികേയൻ ആരാധകരോട് പറഞ്ഞു.