MOVIES

"എവിടെ, ഗാംഗുലി എവിടെ?"; 'ദാദ' ഫസ്റ്റ് ലുക്ക് പുറത്ത്, നെറ്റിചുളിച്ച് ആരാധകർ

സൗരവ് ഗാംഗുലിയുടെ 54ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകൻ സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കായ 'ദാദ - ദ സൗരവ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗാംഗുലി തന്റെ ഇന്ത്യൻ ജേഴ്സി ഊരിവീശി വിജയമാഘോഷിച്ച ചരിത്ര നിമിഷത്തെ പുനഃസൃഷ്ടിക്കുന്നതാണ് പോസ്റ്റർ. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിൽ ഗാംഗുലിയുടെ വേഷം അവതരിപ്പിക്കുന്നത്.

സൗരവ് ഗാംഗുലിയുടെ 54ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. "ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച സമ്മാനം! രാജ്കുമാർ റാവു, നിങ്ങൾ എന്റെ കവർ ഡ്രൈവ് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ," എന്ന് കുറിച്ചുകൊണ്ടാണ് ഗാംഗുലി പോസ്റ്റർ പങ്കുവച്ചത്.

എന്നാൽ, ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ഒട്ടും തൃപ്തിപ്പെടുത്തിയിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്ററിലെ രാജ്കുമാർ റാവുവിന്റെ ലുക്ക് സൗരവ് ഗാംഗുലിയുമായി ഒട്ടും സാദൃശ്യമില്ലാത്തതാണെന്നാണ് പ്രധാന വിമർശനം. "ഇതിലും നന്നായി ചാറ്റ്ജിപിടി ഒരു ചിത്രം ഉണ്ടാക്കി തന്നേനെ!", "കാസ്റ്റിങ് പാളിപ്പോയി. ഇതിലും നല്ലത് മറ്റേതെങ്കിലും നടനെ തിരഞ്ഞെടുക്കുന്നതായിരുന്നു", "ഒട്ടും സിങ്ക് ആകുന്നില്ല" എന്നിങ്ങനെ പോകുന്നു മറ്റ് വിമർശനങ്ങൾ.

അതേസമയം, അലി ഫസൽ, അയുഷ്മാൻ ഖുറാന, നേഹ ദൂപിയ, മാനുഷി ചില്ലാർ എന്നിങ്ങനെ നിരവധി താരങ്ങൾ രാജ്‌കുമാർ റാവുവിനെ പ്രശംസിച്ച് രംഗത്തെത്തി. അടുത്ത വർഷം മെയ് 14നാണ് 'ദാദ' ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. വിക്രമാദിത്യ മോട്‌വാനെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലവ് രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവർ ചേർന്നാണ് നിർമാണം.

SCROLL FOR NEXT