ശ്രീനാഥ് ഭാസിയും തേജ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണമാരംഭിച്ചു. കരുനാഗപ്പള്ളിക്കടുത്ത് ചവറ തെക്കുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ. ജയൻ - ഉർവശി ദമ്പതിമാരുടെ മകൾ തേജ ലഷ്മി (കുഞ്ഞാറ്റ) ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോർജ് സെബാസ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഉർവശിയുടെ നാട് കൂടിയാണ് ഈ പ്രദേശം. അച്ഛൻ മനോജ് കെ. ജയനോപ്പമാണ് തേജ സെറ്റിലേക്ക് എത്തിയത്.
റിജീ പ്രഭാകരൻ ആണ് സിനിമയുടെ സംവിധാനം. ടി. എ. റസാഖിന്റെ തിരക്കഥയിൽ 'സുഖമായിരിക്കട്ടെ' എന്ന ചിത്രമാണ് റിജീ ആദ്യമായി സംവിധാനം ചെയ്തത്. 'സുഖമായിരിക്കട്ടെ' ഗൗരവമുള്ള വിഷയമായിരുന്നുവെങ്കിൽ 'പ്രിയതമൻ' ഹ്യൂമർ നിറഞ്ഞ കുടുംബ കഥയാണ്. ഒരമ്മയുടേയും മകന്റേയും ജീവിതത്തിനിടയിലേക്ക് എംബിഎ ബിരുദധാരിയായ ഒരു പെൺകുട്ടി കടന്നുവരുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സനു ഭാസ്കർ ആണ് സിനിമയുടെ കഥ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സിയാൻ ശ്രീകാന്ത്. രമേഷ് നാരായണനും ബിജിബാലും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ശാന്തി കൃഷ്‌ണ, ഇർഷാദ് , മീരാ നായർ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ് , മഞ്ജൂ പത്രോസ്, ദിനേശ് പണിക്കർ, കുടശ്ശനാട് കനകം, സൂര്യാദാസ്, രാമു മംഗലപ്പള്ളി, അഭിലാഷ് കൈഫ്, സുബിൻ, സിനു സൈനുദ്ദീൻ, ജോസ് പേരൂർക്കട എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സഹസംവിധാനം - ഹാരിസൺ, കലാസംവിധാനം - അർഫാൻ എസ്. കർമ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, ഗാനരചന - റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, പശ്ചാത്തലസംഗീതം - റോണി റാഫേൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഭാഷ് എളമ്പാൽ, അസോസിയേറ്റ് ഡയറക്ടർ - ഇന്ദ്രജയൻ, മേക്കപ്പ് - പട്ടണം ഷാ, കാസ്റ്റിങ് ഡയറക്ടർ - അരോമൽ ആർ. പിആർഒ - വാഴൂർ ജോസ് .