എസ്.എസ്. രാജമൗലിയുടെ 'വാരണാസി' 
MOVIES

ഇത്തവണ എന്ത് അത്ഭുതമാണ് രാജമൗലി ഒരുക്കിയിരിക്കുന്നത്? 'വാരണാസി' റിലീസ് തീയതി പുറത്ത്

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എസ്.എസ്. രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'വാരണാസി'യുടെ റിലീസ് തീയതി പുറത്ത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ ഏഴിന് ആഗോളതലത്തിൽ സിനിമ തിയേറ്ററുകളിലെത്തും.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. 'രുദ്ര' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. നായിക 'മന്ദാകിനി' ആയിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണ് 'വാരണാസി'. 'കുംഭ' എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്.

കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദിൽ നടന്ന ബ്രഹ്‌മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവൽ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടീസർ നൽകിയ സൂചന. ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.

ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.

SCROLL FOR NEXT