തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. 'സീൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഡീക്കോഡ് ചെയ്യുന്ന തിരക്കിലാണ് സിനിമാപ്രേമികൾ. സൂര്യ വ്യത്യസ്തനായ ഒരു പൊലീസുകാരനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തം. ഈ കഥാപാത്രത്തെയും സിനിമേയും ചുറ്റിപ്പറ്റി നിരവധി ഫാൻ തിയറികളാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സൂര്യ അവതരിപ്പിക്കുന്ന 'ഡിഎസ്പി ഇൻപരാജ് ' എന്ന കഥാപാത്രം കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണെന്നാണ് ഒരു തിയറി. ടൈറ്റിൽ ടീസറിൽ ഈ കഥാപാത്രം കൂടെയുള്ളവരുടെ തോളിൽ കയ്യിട്ട് നടക്കുന്നതും കണ്ണുകൾ ചിമ്മാത്തതും ചെവിവട്ടം പിടിച്ച് ഷൂട്ട് ചെയ്യുന്നതും വച്ചാണ് പലരും ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
സൂര്യക്ക് പുറമേ മലയാളി യുവതാരം നസ്‌ലനും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. ഈ കഥാപാത്രമാണ് ചിത്രത്തിലെ വില്ലൻ എന്നതാണ് മറ്റൊരു ഫാൻ തിയറി. ടൈറ്റിൽ ടീസറിൽ, ലോലിപോപ്പ് കഴിക്കുന്ന ഒരു കഥാപാത്രം മിന്നി മറയുന്നുണ്ട്. എന്നാൽ, ഈ കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല. ഇത് നസ്‌ലനാണെന്നും സൈക്കോ വില്ലനായിട്ടാണ് നടൻ ചിത്രത്തിൽ എത്തുന്നതെന്നുമാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം.
ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മലയാളി താരം നസ്രിയ നസിമാണ്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. 2026 നവംബർ ആറിന് ദീപാവലി റിലീസായി 'സീൻ' ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റർടെയ്‌നർ ഒരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ മുഴുവൻ താരനിര, സാങ്കേതിക നിര എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.