'ഡിസി' സിനിമയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ മാതേശ്വരൻ, നായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് ബ്രാൻഡ് ന്യൂ ബിഎംഡബ്ല്യൂ കാറുകൾ സമ്മാനിച്ച് നിർമാതാക്കളായ സൺ പിക്ചേഴ്സ്. നിർമാതാവ് കലാനിധി മാരൻ കാറുകൾ മൂവർക്കും കൈമാറി. ഏകദേശം 25 കോടി ബജറ്റിൽ ഒരുക്കിയ 'ഡിസി' 100 കോടി രൂപയ്ക്ക് മുകളിലാണ് ആഗോളതലത്തിൽ സ്വന്തമാക്കിയ ശേഷമാണ് തിയേറ്റർ വിട്ടത്.
സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ, വാമിക ഗബ്ബിയാണ് നായികയായി എത്തിയത്. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്.
അരുൺ മാതേശ്വരൻ ഒരുക്കിയ ഗംഭീര വയലൻസ് സീക്വൻസുകളാണ് ചിത്രത്തെ വേറിട്ട് നിർത്തിയത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമായിരുന്നു സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. നായകനായുള്ള ലോകേഷിന്റെ പ്രകടനത്തിനും മികച്ച അഭിപ്രമായമാണ് ലഭിച്ചത്. സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ iX1 LWB മോഡൽ ലക്ഷ്വറി കാറുകളാണ് അരുൺ മാതേശ്വരൻ, ലൊകേഷ് കനകരാജ്, അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് സൺ പിക്ചേഴ്സ് സമ്മാനിച്ചത്. 49 ലക്ഷം രൂപയാണ് ഈ കാറിന്റെ ഇന്ത്യയിലെ ആരംഭവില. ഓൺ റോഡ് ഇത് 55 ലക്ഷം വരെയാകാം.