സൂര്യ നായകനായ 'കറുപ്പ്' സിനിമയ്ക്ക് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പ്. നടന്റെ തിരിച്ചുവരവായിട്ടാണ് ചിത്രത്തെ ആരാധകർ കാണുന്നത്. വില്ലൻ വേഷത്തിൽ എത്തിയ സംവിധായകൻ ആർജെ ബാലാജിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 14 കോടി രൂപയാണ് സിനിമയുടെ ആദ്യ ദിന നെറ്റ് കളക്ഷൻ. 4,891 ഷോകളാണ് റിലീസ് ദിനത്തിൽ സിനിമയ്ക്കുണ്ടായിരുന്നത്. ഏകദേശം 50.35 ശതമാനം ഒക്കുപ്പൻസി ചിത്രത്തിന് ലഭിച്ചു. 20.66 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. ഇതിൽ നാല് കോടി രൂപ ഓവർസീസ് കളക്ഷനായി ലഭിച്ചതാണ്.
അതേസമയം, 2024ൽ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ 'കങ്കുവ' ആണ് സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് സമ്മാനിച്ച ചിത്രം. 22 കോടി രൂപയായിരുന്നു സിനിമയുടെ ഇന്ത്യയിലെ ഓപ്പണിങ് ഡേ നെറ്റ് കളക്ഷൻ.
സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'. ചിത്രം മെയ് 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ ഒൻപത് മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. എന്നാൽ, ആദ്യ ദിനം ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കി സിനിമയുടെ റിലീസ് അവസാന നിമിഷം റദ്ദാക്കി. നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് മെയ് 15നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'കറുപ്പ്'. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് 'കറുപ്പി'ൽ എത്തിയത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് 'കറുപ്പ്' നിർമിച്ചിരിക്കുന്നത്. ഐഎംപി ഫിലിംസാണ് 'കറുപ്പ്' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചത്.