

ചെന്നൈ: തമിഴ് നടൻ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. നടനുമായുള്ള ബന്ധത്തിന്റെ പേരിൽ കെനിഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. അടുത്തിടെ, പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന 'ഉത്സവ് 2026' എന്ന പരിപാടിയിൽ രവി മോഹനൊപ്പം കെനിഷയും പങ്കെടുത്തിരുന്നു. കെനിഷയുടെ സംഗീത പരിപാടി ഉത്സവ് 2026ന്റെ മുഖ്യ ആകർഷണമായിരുന്നു. ഇതിനു പിന്നാലെ താനും രവി മോഹനും തമ്മിലുള്ള ബന്ധം വിശദീകരച്ച് ഗായിക രണ്ട് വീഡിയോയും പങ്കുവച്ചിരുന്നു. എന്നാൽ , പിന്നീട് ഇത് നീക്കം ചെയ്തു. ഇപ്പോഴിതാ രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കെനിഷ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ, അദ്ദേഹത്തെ വിട്ടുനൽകുന്നുവെന്നും സംഗീതവും തെറാപ്പിയും ഉപേക്ഷിക്കുകയാണെന്നുമാണ് കെനിഷ ഫ്രാൻസിസ് കുറിച്ചത്.
"പ്രിയപ്പെട്ടവരെ, ഞാൻ പറയേണ്ടതിലും കൂടുതൽ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. അതിൽ ഭൂരിഭാഗവും അനാവശ്യവുമായിരുന്നു. ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത് സ്നേഹത്തോടെയാണ്. എന്നാൽ ഇതിൽ നിന്നും ഞാൻ പുറത്തുപോകുന്നത് മൗനത്തോടെയാണ്. ചില ഇടങ്ങൾ ബഹളങ്ങളും അഹന്തയും മുൻവിധികൾ നിറഞ്ഞ വിധിപ്രസ്താവനകളും കൃത്രിമമായി ചമച്ച കഥകളും കൊണ്ട് അത്രമേൽ നിറഞ്ഞുപോകാറുണ്ട്. അവിടെ പിന്നെ നന്മയ്ക്ക് ശ്വാസമെടുക്കാൻ പോലും ഇടമുണ്ടാകാറില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹത്തിന് പോലും അവിടെ സ്വാഗതം ചെയ്യപ്പെടാതെയാകും.
ലോകം ഇതിനകം തന്നെ ഒരു കഥ ചമച്ചുണ്ടാക്കി വെച്ചിരുന്ന ഒരു മനുഷ്യനെ സംരക്ഷിക്കാൻ വേണ്ടി എന്റെ തന്നെ ചില ഭാഗങ്ങൾ ഞാൻ നൽകിയിരുന്നു. എന്നാൽ ഒരു കാര്യം എനിക്ക് ഇപ്പോൾ വളരെ വ്യക്തമായി മനസിലാകുന്നുണ്ട് - കാഴ്ചകൾക്കും കോലാഹലങ്ങൾക്കും അടിമപ്പെട്ട ഒരു ലോകത്ത്, അരാജകത്വത്തിന് മുന്നിൽ കാരുണ്യത്തിന് അപൂർവമായേ പിടിച്ചുനിൽക്കാൻ സാധിക്കൂ.
പൊതുജനങ്ങളോട്, സിനിമാ മേഖലയോട്, വിമർശകരോട്, അദ്ദേഹത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും പിന്തുണയ്ക്കുന്നവരും പരിഹസിക്കുന്നവരും അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നവരുമായ ആളുകളോട് - അദ്ദേഹം ഇനി പൂർണമായും നിങ്ങളുടേതാണ്.
ഇനി ഇതിൽ യാതൊരു വിശദീകരണങ്ങളും ഉണ്ടായിരിക്കില്ല. ഇനി പ്രതിരോധിക്കാനില്ല.
തുടക്കം മുതലേ എന്റേതല്ലാതിരുന്ന യുദ്ധങ്ങൾ ഇനി ഞാൻ നയിക്കില്ല. നല്ല മനുഷ്യർക്ക് ജീവിക്കാൻ ഒരു അവസരം വേണമെന്നും അങ്ങനെയുള്ള മേഖലകളിൽ അവർക്ക് പിന്തുണ നൽകുകയാണ് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നും ചിന്തിക്കാൻ മാത്രം ഞാൻ മഠയയായിരുന്നു. എന്നാൽ എനിക്ക് ഇപ്പോൾ മനസിലാകുന്നു, ഈ സ്ഥലം നുണയന്മാർക്കും വഞ്ചകർക്കും കൃത്രിമം കാണിക്കുന്നവർക്കും ജീവിതം തട്ടിയെടുക്കുന്നവർക്കും മാത്രമുള്ളതാണെന്ന്.
അതുകൊണ്ട്, സമാധാനത്തോടും സ്നേഹത്തോടും പൂർണമായ നിസംഗതയോടും കൂടി ഞാൻ അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നു. ഞാൻ ഏറ്റെടുത്തിരുന്ന എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ പിന്മാറുന്നു. യഥാർഥ സ്നേഹത്തിനും വിശ്വസ്തതയ്ക്കും സൗമ്യതയ്ക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുതരാൻ ഈ ലോകം എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. പക്ഷേ, ഒരുപക്ഷേ ഈ തലമുറയ്ക്ക് ഇനി സൗമ്യതയിൽ വിശ്വാസമില്ലായിരിക്കാം.
ഒരുപക്ഷേ സമർപ്പണത്തേക്കാൾ നാശമാകും നിങ്ങൾക്ക് എളുപ്പം ദഹിക്കുക. ഒരുപക്ഷേ ത്യാഗങ്ങളിൽ നിന്ന് കെട്ടിപ്പടുത്ത സത്യങ്ങളേക്കാൾ, വികാരങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ കഥകളെയായിരിക്കാം ആളുകൾ എപ്പോഴും തിരഞ്ഞെടുക്കുക.എന്തായാലും, ഇതാ. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.
അതുകൊണ്ട് ഇന്ന് മുതൽ ഞാൻ ഇതിനെ പ്രതിരോധിക്കുന്നത് നിർത്തുകയാണ്. നന്മയെ തെറ്റായി മനസിലാക്കാൻ മാത്രം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഇടങ്ങളിൽ അത് തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ നിർത്തുന്നു. ഞാൻ ചെന്നൈ വിട്ടു കഴിഞ്ഞു, ഞാൻ എല്ലാം ഉപേക്ഷിക്കുന്നു. എന്റെ സംഗീതവും എന്റെ തെറാപ്പിയും ഇതുവരെ ഞാൻ ജീവിച്ച ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ ഉപേക്ഷിക്കുന്നു. ദൈവം സൃഷ്ടിക്കുന്നത് മനുഷ്യന് തകർക്കാൻ കഴിയുമെന്ന് തോന്നുന്നു.
ഓൺലൈൻ വഴിയുള്ള ഉപദ്രവങ്ങളും കൃത്രിമത്വങ്ങളും മന്ത്രവാദങ്ങളുമൊക്കെ കാരണമാണ് ഞാൻ ഇതെല്ലാം വിട്ടുപോകുന്നത്. ഇതോടൊപ്പം, ദൈവം ജയിക്കുന്നത് വരെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലുകളും ലോഗ് ഔട്ട് ചെയ്യുകയാണ്. എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും എനിക്ക് ആവശ്യമുള്ള സ്വകാര്യത നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഫെമിനിസം, നിങ്ങൾ ജയിച്ചു. സന്തോഷം, നിങ്ങൾ പരാജയപ്പെട്ടു," കെനിഷ കുറിച്ചു.
ആരതി മോഹനുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദം വലിയ ചർച്ചയായത്. തങ്ങളുടെ ബന്ധം തകരാൻ കാരണം മുന്നാമതൊരാളാണെന്ന് ആരതി ആരോപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. ഇതിനിടയിൽ രവിയും കെനിഷയും പല പരിപാടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങൾ ശക്തമായി. മാനസികമായി തകർന്ന നടൻ തന്റെ സഹായം തേടി വന്നപ്പോൾ തെറാപ്പിസറ്റ് എന്ന നിലയിൽ മാനസിക പിന്തുണ നൽകുകയായിരുന്നു താൻ എന്നായിരുന്നു കെനിഷയുടെ വിശദീകരണം.