'ലിയോ'യില്‍ റോളക്സോ? 
MOVIES

എന്നാലും ഈ റോളക്സിനെ എങ്ങനെ മിസ് ആക്കി! 'ലിയോ' മേക്കിങ് വീഡിയോയില്‍ സർപ്രൈസുമായി ലോകേഷ്

'ലിയോ' ഇറങ്ങി രണ്ട് വർഷം തികയുന്നതിനോട് അനുബന്ധിച്ചാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'മാസ്റ്ററി'ന് ശേഷം വിജയ്‌‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'ലിയോ'. വിജയ് ആരാധകർ തിയേറ്ററില്‍ ആഘോഷമാക്കിയ ചിത്രത്തിന് എന്നാല്‍ പ്രതീക്ഷിച്ചപോലെ പ്രേക്ഷക അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. സിനിമയുടെ കഥയും തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് വിജയ്‌യുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിക്കാനുള്ള ലോകേഷ് കനകരാജിന്റെ ശ്രമവും വിമർശിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, സിനിമ ഇറങ്ങി രണ്ട് വർഷം തികയുന്നതിനോട് അനുബന്ധിച്ച് ഒരു മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വീഡിയോയില്‍ സിനിമയിലെ വിവിധ രംഗങ്ങളുടെ ചിത്രീകരണം കാണാം. വിജയ്‌യും മറ്റ് താരങ്ങളും ഉള്‍പ്പെട്ട ആക്ഷന്‍ സീക്വന്‍സുകള്‍, ഡാന്‍സ് രംഗങ്ങള്‍ എന്നിവയുടെ അണിയറ ദൃശ്യങ്ങള്‍ ഫാസ്റ്റ് കട്ടുകളിലൂടെ കാണിച്ചുപോകുന്ന ഈ വീഡിയോയിലെ ഒരു ഫ്രെയിം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോയിലെ ഒരു ഷോട്ടില്‍ കാണിക്കുന്ന ലോറിയില്‍ 'വിക്രം' എന്ന ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച 'റോളക്സ്' എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ചിത്രം കാണാം. ഇതാണ് പുതിയ ഫാന്‍ തിയറികള്‍ക്ക് വഴിവച്ചിരിക്കുന്നത്. ലിയോ റോളക്സിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ലിയോയ്ക്ക് വില്ലനായി റോളക്സിനെ ലോകേഷ് കൊണ്ടുവരുമെന്നതിന്റെ സൂചനയാണിതെന്നും ഇവർ അനുമാനിക്കുന്നു. ഇത് പ്രൊഡക്ഷന്‍ വണ്ടിയാണെന്നും അല്ലാതെ സിനിമയില്‍ റോളക്സ് വരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നവരേയും സോഷ്യല്‍ മീഡിയയില്‍‌ കാണാം. എന്തായാലും റോളക്സിനേയും ലിയോയേയും ഒരു സിനിമയില്‍ കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.

അതേസമയം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'ബെൻസി'ന്റെ ചിത്രീകരണം ആരംഭിച്ചു. ഈ സിനിമയില്‍ 'വാള്‍ട്ടർ' എന്ന വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് നിവിന്‍ പോളി ആണ്. രാഘവ ലോറൻസ് ആണ് ചിത്രത്തിലെ നായകന്‍. എൽസിയുവിലെ നാലാമത്തെ ചിത്രമാണ് 'ബെൻസ്'. എൽസിയുവിൽ ലോകേഷ് സംവിധാനം ചെയ്യാത്ത ഏക ചിത്രവും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം എന്താകുമെന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

SCROLL FOR NEXT