സിഡ്നി സ്വീനി  Source : Instagram
MOVIES

ഗ്ലാമറസ് അല്ല ഇത് ടഫ് ലുക്ക്; ബോക്‌സര്‍ കഥാപാത്രമായി ആരാധകരെ ഞെട്ടിക്കാന്‍ സിഡ്‌നി സ്വീനി

ഇതിഹാസ ബോക്‌സര്‍ ക്രിസ്റ്റി മാര്‍ട്ടിനായാണ് സിഡ്‌നി സ്‌ക്രീനിലെത്താന്‍ പോകുന്നത്.

Author : ന്യൂസ് ഡെസ്ക്

യൂഫോറിയ താരം സിഡ്‌നി സ്വീനി തന്റെ കരിയറിലെ ഏറ്റവും വലിയ ട്രാന്‍സഫോര്‍മേഷന്‍ നടത്തിയിരിക്കുകയാണ്. ഇതിഹാസ ബോക്‌സര്‍ ക്രിസ്റ്റി മാര്‍ട്ടിനായാണ് സിഡ്‌നി സ്‌ക്രീനിലെത്താന്‍ പോകുന്നത്. വരാനിരിക്കുന്ന ബയോപിക് 'ക്രിസ്റ്റി'യിലെ താരത്തിന്റെ ക്യാരക്ടര്‍ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്.

സിഡ്‌നി സ്വീനിയാണെന്ന മനസിലാകാത്ത തരത്തിലുള്ള മാറ്റമാണ് താരം ഈ കഥാപാത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. ബോക്‌സിംഗ് റിങില്‍ ചുവന്ന ഗ്ലൗസ് ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സെപ്റ്റംബറില്‍ ചിത്രം ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യും.

സിഡ്‌നി ഇതുവരെ ചെയ്ത ഗ്ലാമറസ് കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ക്രിസ്റ്റി. ഈ കഥാപാത്രത്തിന് വേണ്ടി താരം 30 പൗണ്ട് ഭാരം വെക്കുകയും ഫിസിക്കല്‍ ട്രെയിനിങിലൂടെ കടന്ന് പോവുകയും ചെയ്തിരുന്നു.

ദ കിംഗ് എന്ന സിനിമയുടെ സംവിധായകനായ ഡേവിഡ് മിഷോഡ് ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. സിഡ്‌നിയുടെ പ്രതിബദ്ധതയും പരിവര്‍ത്തനവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ഒക്ടോബറിലാണ് ക്രിസ്റ്റി എന്ന ചിത്രത്തെ കുറിച്ച് സിഡ്‌നി ആദ്യമായി ആരാധകര്‍ക്ക് സൂചന നല്‍കുന്നത്. ശരീര ഭാരം കൂടിയതും റിംഗില്‍ പരിശീലനം നടത്തുന്നതുമായ ചിത്രങ്ങളാണ് അവര്‍ ആദ്യമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

SCROLL FOR NEXT