രണ്‍വീർ സിംഗിന്റെ 'ഡോണ്‍ 3' Source: X
MOVIES

വില്ലന്‍ ദേവരകൊണ്ടയുമല്ല, മാസിയുമല്ല; ഡോണിനെ കുരുക്കാന്‍ തമിഴ് താരം

ഫർഹാന്‍ അക്തർ ചിത്രം 'ഡോണ്‍ 3' പ്രഖ്യാപിച്ച ദിവസം മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഫർഹാന്‍ അക്തർ ചിത്രം 'ഡോണ്‍ 3' പ്രഖ്യാപിച്ച ദിവസം മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ്. അമിതാബ് ബച്ചന്റെ ക്ലാസിക്ക് കൊമേഷ്യല്‍ ഹിറ്റായ 'ഡോണ്‍' ഫർഹാന്‍ പുനഃരവതരിപ്പിച്ചപ്പോള്‍ ഷാരുഖ് ഖാന്‍ ആയിരുന്നു നായകന്‍. ഷാരുഖിന്റെ ഡോണിന് വലിയതോതില്‍ ആരാധകരുമുണ്ടായിരുന്നു. എന്നാല്‍ ഡോണ്‍ സീരിസിലെ മൂന്നാം ചിത്രത്തില്‍ ഷാരുഖിന് പകരം രണ്‍വീർ സിംഗിനെ കാസ്റ്റ് ചെയ്തത് വലിയ വിമർശനങ്ങള്‍ക്ക് കാരണമായി.

ഇതിന് പുറമേ മുന്‍നിശ്ചിയിച്ചിരുന്ന പല താരങ്ങളെയും മാറ്റിയത് പുതിയ ഡോണ്‍ ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതിന് കാരണമായി. കിയാര അദ്വാനിയെ ആണ് രൺവീറിന്റെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കിയാരയ്ക്ക് പകരം കൃതി സനോണിനെ ഈ വേഷത്തിനായി സമീപിച്ചുവെന്നാണ് റിപ്പോർട്ടുകള്‍.

വില്ലന്‍ കഥാപാത്രത്തിലും മാറ്റം വന്നിരിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ദേശീയ അവാർഡ് ജേതാവ് വിക്രാന്ത് മാസി, തെലുങ്ക് താരം വിജയ് ദേവരകൊണ്ട എന്നിവരുടെ പേരുകളാണ് വില്ലന്‍ വേഷത്തിലേക്ക് ഉയർന്നുവന്നിരുന്നത്. എന്നാല്‍ ഫർഹാന്‍ ഈ വേഷത്തിലേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

പിങ്ക്‌വില്ലയുടെ റിപ്പോർട്ട് പ്രകാരം, തമിഴ്‌ നടന്‍ അർജുന്‍ ദാസിനെയാണ് 'ഡോണ്‍ 3'ലെ വില്ലന്‍ വേഷത്തിലേക്ക് പരിഗണിക്കുന്നത്. ഈ വേഷം ചെയ്യുന്നതിന് അർജുനും താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് നിർമാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മാസ്റ്റർ, കൈതി, വിക്രം, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അർജുന്‍ ദാസ്. ഗാംഭീര്യമുള്ള ശബ്ദവും വ്യത്യസ്തമായ അഭിനയ ശൈലിയുമുള്ള അർജുന്റെ ബോളിവുഡ് അരങ്ങേറ്റമാകും ഡോണ്‍ 3. അഭിനേതാക്കളെ അന്തിമമാക്കിയാല്‍ 2026 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് നിർമാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ടുകള്‍ പ്രകാരം, ഐക്കോണിക്കായ ഡോണ്‍ കഥാപാത്രത്തെ തനതായ ശൈലിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീർ സിംഗ്. ഡോണിന്റെ ശരീരഭാഷ, സംഭാഷണ ശൈലി, പെരുമാറ്റ രീതി എന്നിവയില്‍ പുതുമ കൊണ്ടുവരാനാണ് താരം ശ്രമിക്കുന്നത്.

SCROLL FOR NEXT