
ചെന്നൈ: കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്‍കിയിരിക്കുന്നത്. ഗായിക ശ്വേതാ മോഹനും നടി സായ് പല്ലവിയും കലൈ മാമണി പുരസ്കാരത്തിനും അർഹരായി.
2021, 2022, 2023 വർഷങ്ങളിലെ ഭാരതിയാർ കലൈ മാമണി അവാർഡുകളാണ് പ്രഖ്യാപിച്ചത്. 2021ലെ കലൈ മാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്കാരം ആണ് ശ്വേതയ്ക്ക് നല്‍കുക.
2023 ലെ കലൈമാമണി പുരസ്കാരത്തിന് ശ്വേതയ്ക്ക് പുറമേ നടൻ മണികണ്ഠൻ, ജോർജ്ജ് മരിയൻ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, നൃത്തസംവിധായകൻ സാൻഡി എന്ന സന്തോഷ്കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ നിക്കിൽ മുരുകൻ എന്നിവരാണ് അർഹരായത്.
2021ലെ കലൈമാമണി അവാർഡിന് സായ് പല്ലവിക്കൊപ്പം നടന്‍ എസ്.ജെ. സൂര്യ, സംവിധായകൻ ലിംഗുസാമി, സെറ്റ് ഡിസൈനർ എം. ജയകുമാർ, സ്റ്റണ്ട് കൊറിയോഗ്രാഫർ സൂപ്പർ സുബ്ബരായൻ എന്നിവർ പങ്കിടും. നടൻ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പബ്ലിക് റിലേഷൻസ് ഓഫീസർ ഡയമണ്ട് ബാബു, സ്റ്റിൽ ഫോട്ടോഗ്രാഫർ ലക്ഷ്മികാന്തൻ എന്നിവർക്കാണ് 2022ലെ അവാർഡ് ലഭിച്ചത്. കലാരംഗത്തെ സംഭാവനകൾക്ക് ടെലിവിഷൻ അഭിനേത്രി മെട്ടി ഒലി ഗായത്രിയും അവാർഡിന് അർഹയായി.
തമിഴ്നാട് സർക്കാരിന്റെ കലാ സാംസ്കാരിക ഡയറക്ടറേറ്റിന്റെ ഉപവിഭാഗമായ തമിഴ്നാട് ഇയൽ ഇസൈ നാടക മണ്ട്രമാണ് ഈ പുരസ്കാരങ്ങൾ നല്‍കുന്നത്. ഒക്ടോബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവാർഡുകൾ വിതരണം ചെയ്യും. പുരസ്കാര ജേതാക്കള്‍ക്ക് മൂന്ന് പവന്റെ സ്വർണപ്പതക്കവും സർട്ടിഫിക്കറ്റുമാകും ലഭിക്കുക.