ധനുഷ്  
MOVIES

"ബ്രാൻഡഡ് അല്ല, പ്ലാസ്റ്റിക്കാണ്.. സമയം മാത്രമേ കാണിക്കൂ"; 89.64 രൂപ മാത്രം വിലയുള്ള തൻ്റെ ഇഷ്ട വാച്ചിനെക്കുറിച്ച് നടൻ ധനുഷ്

"ബാറ്ററി തീർന്നാലും ആ വാച്ച് കെട്ടി ഞാൻ സ്കൂളിൽ പോകുമായിരുന്നു"

Author : ന്യൂസ് ഡെസ്ക്

തൻ്റെ പ്രിയപ്പെട്ട വാച്ചിനെപ്പറ്റി തമിഴ് നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദുബായ് വാച്ച് വീക്കിൽ പങ്കെടുക്കുന്നതിനിടെ വാച്ചുകളോടുള്ള ഇഷ്ടത്തിന് പ്രചോദനമായ ബ്രാൻഡ് ഏതാണെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. റോളക്സ്, ഒമേഗ, ഓഡെമർസ് പിഗ്വെറ്റ് എന്നീ ആഢംബര ബ്രാൻഡുകളിൽ ഏതെ​ഘങ്കിലുമാകും സൂപ്പർതാരത്തിൻ്റെ ഇഷ്ട വാച്ച് ബ്രാൻഡ് എന്ന് വിചാരിച്ചിരുന്ന ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. 89.64 രൂപ മാത്രം വിലയിലുള്ള വാച്ചാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വാച്ച്!

തനിക്ക് ആദ്യമായി ഇഷ്ടം തോന്നിയത് സ്കൂളിൽ പഠിക്കുമ്പോൾ തന്റെ അമ്മ വാങ്ങി തന്ന വാച്ചിനോടാണ് എന്നാണ് ധനുഷ് പറഞ്ഞത്. നൂറുരൂപയിൽ താഴെയാണ് അതിന്റെ വിലയെന്നും അദ്ദേഹം പറഞ്ഞു. പേരില്ല, പ്ലാസ്റ്റിക് വാച്ചാണ്. ഡിജിറ്റൽ ആണ്, സമയം മാത്രമേ കാണിക്കുകയുള്ളു. ഒരു ലൈറ്റ് ഉണ്ട്. പിന്നിലുള്ള ഒരു ചെറിയ ബാറ്ററിയിലാണ് അത് പ്രവർത്തിച്ചതെന്നും ധനുഷ് പറഞ്ഞു.

വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വന്നത്. അതിനാൽ ബാറ്ററി തീർന്നാൽ ആ വാച്ചിന്റെ ഉപയോ​ഗവും തീരും. പല നിറങ്ങളിലുള്ള വാച്ചുകൾ ഉണ്ടായിരുന്നു. വയലറ്റ്, മഞ്ഞ, പച്ച എന്നിവയിൽ ഒന്നാണ് ഞാനും എന്റെ സഹോദരിമാരും തെരഞ്ഞെടുക്കാറ്. നല്ല തിളക്കമുള്ളതും ആകർഷകവുമായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ ബാറ്ററി തീർന്നാലും ആ വാച്ച് കെട്ടി ഞാൻ സ്കൂളിൽ പോകുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നുവെന്നും ധനുഷ് പറഞ്ഞു.

പ്രവർത്തിക്കുന്നില്ലെങ്കിലും ചെന്നൈയിലെ വീട്ടിൽ ഇപ്പോഴും അത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അത് തനിക്ക് അത്രയും പ്രിയപ്പെട്ടതാണെന്നും ധനുഷ് പറഞ്ഞു.

SCROLL FOR NEXT