കൊച്ചി: പേട്രിയറ്റ് സിനിമയുടെ വ്യാജപതിപ്പ് ചോർന്നതിന് പിന്നിൽ തമിഴ് റോക്കേഴ്സ് എന്ന് പൊലീസ് നിഗമനം. സിനിമ അപ്‌ലോഡ് ചെയ്തത് തമിഴ്നാട്ടിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. സിനിമ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് കണ്ടെത്തി. നേരത്തെയും വിവിധ ചിത്രങ്ങൾ വ്യാജ പതിപ്പിറക്കുകയും കുപ്രസിദ്ധി നേടുകയും ചെയ്ത സംഘമാണ് തമിഴ് റോക്കേഴ്സ്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സംഗീതം - സുഷിൻ ശ്യാം.