ഥാമ  
MOVIES

'ലോക'യേക്കാള്‍ മാസാണ് 'ഥാമ'; താരതമ്യം ആവശ്യമില്ല, കോമഡിക്ക് കൂടുതല്‍ പ്രാധാന്യമെന്നും ആയുഷ്‌മാന്‍ ഖുറാന

ഥാമ പ്രേക്ഷകർക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാം. ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് രശ്മിക മന്ദാന.

Author : ന്യൂസ് ഡെസ്ക്

കല്യാണി പ്രിയദർശൻ നായികയായ ലോകയും രശ്മിക മന്ദാന നായികയാവുന്ന ഥാമയും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ? സമൂഹമാധ്യങ്ങളില്‍ കുറച്ചുദിവസമായി നടക്കുന്ന ചര്‍ച്ചയാണിത്. രണ്ട് ചിത്രങ്ങളും പറയുന്നത് വാമ്പയറുകളെക്കുറിച്ചാണ് എന്നതാണ് ഇത്തരമൊരു താരതമ്യ ചര്‍ച്ചയ്ക്ക് കാരണം. എന്നാല്‍, അത്തരം ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ലോകയേക്കാള്‍ മാസായിരിക്കും ഥാമയെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് അതിലെ നായകന്‍ ആയുഷ്‌മാന്‍ ഖുറാന. രശ്മികയ്ക്കൊപ്പം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ലോക കണ്ടിരുന്നെന്നും, ആസ്വദിച്ചിരുന്നെന്നും ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു. എന്നാല്‍, ഇരു ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ലെന്ന് താരം വ്യക്തമാക്കി. "ഹിന്ദി വിപണിയിലേക്കും ഇറങ്ങിച്ചെല്ലുന്നതിനാല്‍ ഥാമ ലോകയേക്കാള്‍ മാസാണ്. ചിത്രത്തില്‍ കോമഡിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ചില മള്‍ട്ടിപ്ലെക്സ് പ്രേക്ഷകര്‍ക്ക് ഇക്കാര്യങ്ങളിലേക്ക് കടന്നുവരാന്‍ ലോക ഒരു നല്ല പ്രേരണയായിരിക്കാം. എന്നാല്‍ ഥാമയ്ക്ക് വ്യത്യസ്തമായൊരു തുടക്കമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളുണ്ട്, തികച്ചും വ്യത്യസ്തമായൊരു കഥയുമാണ്. രണ്ടും തമ്മില്‍ സാമ്യവുമില്ല" - ആയുഷ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ലോക കണ്ടിരുന്നുവെന്നും, നായികയായ കല്യാണി പ്രിയദര്‍ശനുമായി നല്ല സൗഹൃദമുണ്ടെന്നും രശ്മികയും പറഞ്ഞു. "ദുൽഖർ സൽമാനും ടൊവിനോ തോമസും കല്യാണിയും അവരുടേതായ രീതിയിൽ മികച്ചതാക്കി, അത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഥാമ പ്രേക്ഷകർക്കായി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാം. ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും. രണ്ട് ചിത്രങ്ങളെയും ഒരുമിച്ച് ചേര്‍ക്കാനാവില്ല. എവിടെ നിന്നാണ് ഇത്തരത്തിലൊരു താരതമ്യം വരുന്നതെന്ന് എനിക്ക് മനസിലാകും. നാളെ നിങ്ങൾ ഥാമ കണ്ടിറങ്ങുമ്പോൾ, അതൊരു പുതിയ സംസാര വിഷയമായിരിക്കും" -രശ്മിക അഭിപ്രായപ്പെട്ടു.

മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രത്തിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

SCROLL FOR NEXT