കൊച്ചി: തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'തുടരും' ബോക്സ് ഓഫീസിൽ മിന്നുംവിജയം സ്വന്തമാക്കിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് 'തുടരും' ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും തൊടുപുഴയായിരുന്നു പ്രധാന കഥാപശ്ചാത്തലം. തരുണും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്. 'L366' എന്ന പ്രൊഡക്ഷൻ ടൈറ്റിലിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്.
ജനുവരി 23ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മീരാ ജാസ്മിൻ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടെയിലെ ചില കൗതുകകരമായ കാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിനേതാക്കളും അണിയറ പ്രവർത്തകരുമൊക്കെ ഈ ചിത്രങ്ങളിലുണ്ട്.
ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ 'L366'ൽ അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തോടു ചേർന്നുനിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും, സിനിമയുമാണിത്. റിയലിസ്റ്റിക്ക് ഇമോഷണൽ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ - ഷാജികുമാർ, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ - വാഴൂർ ജോസ്.