ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗവുമായി തരുണ്‍ മൂര്‍ത്തി വരുന്നു. ഓപ്പറേഷന്‍ കംബോഡിയ എന്ന പേരിലാണ് പുതിയ ചിത്രം എത്തുക. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.
ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ് അലി തുടങ്ങിയവരെല്ലാം പുതിയ ചിത്രത്തിലുമുണ്ട്. 2021 ല്‍ നിര്‍ത്തിയ ഇടത്തു നിന്ന് തുടങ്ങുകയാണ് ഒപിജെ ഫ്രാഞ്ചൈസിയായ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
തരുണ്‍ മൂര്‍ത്തി തന്നെയാണ് ഓപ്പറേഷന്‍ കംബോഡിയയുടെ തിരക്കഥയും സംവിധാനവും. തരുണ്‍ മൂര്‍ത്തിയുടെ ആദ്യചിത്രമായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ. വി. സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന്‍ സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഓപ്പറേഷന്‍ ജാവയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറമാന്‍ ഫായിസ് സിദ്ദീഖ്, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവര്‍ രണ്ടാം ഭാഗത്തിലും ഒപ്പമുണ്ട്. 'തുടരും' എന്ന ചിത്രത്തില്‍ എഡിറ്റിങ് നിര്‍വഹിച്ച ഷഫീഖ് വി.ബിയാണ് പുതിയ ചിത്രത്തിലുമുള്ളത്.
ഫഹദ് ഫാസിലും നസ്ലനും പ്രധാന വേഷത്തിലെത്തുന്ന ടോര്‍പ്പിഡോയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തിനു ശേഷമാകും ഓപ്പറേഷന്‍ കംബോഡിയയുടെ ചിത്രീകരണം ആരംഭിക്കുക.