കൊച്ചി: രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'കാന്താര ചാപ്റ്റർ 1' തരംഗമാകുന്നു. മിത്തിന്റെ ശക്തമായ പിന്തുണയോടെ കഥ പറയുന്ന സിനിമ മികച്ച തിയേറ്റർ അനുഭവമാണ് നല്‍കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. 'കാന്താര 2' കണ്ടിറങ്ങിയ ഒരു പ്രേക്ഷന്റെ അസ്വാഭാവിക പെരുമാറ്റം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ സിനിമയിലെ കഥാപാത്രം 'ഗുളികന്‍' ആവേശിച്ചതിനു ശേഷം കാണിക്കുന്നതിന് സമാനമായ പ്രകടനമാണ് തിയേറ്ററിന് വെളിയില്‍ ആരാധകന്‍ കാണിക്കുന്നത്. ബെംഗളൂരുവിലെ തിയേറ്ററിന് വെളിയിലായിരുന്നു സംഭവം. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
2022ല്‍ റിലീസായ 'കാന്താര'യുടെ ആദ്യ ഭാഗത്തിന്റെ വിജയം പ്രീക്വലും ആവർത്തിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ഷോ കാണാന്‍ തന്നെ നല്ല തിരിക്കാണ് മിക്ക തിയേറ്ററുകളിലും അനുഭവപ്പെട്ടത്. കേരളത്തിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളി താരം ജയറാമിന്റെ പ്രകടനത്തെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ആദിവാസി സമൂഹത്തിന്റെ ദൈവികാചാരങ്ങളിൽ നിന്നുമാണ് 'കാന്താര ചാപ്റ്റർ 1'ന്റെ കഥ വികസിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും എന്നിവ ഇടകലർത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേകം സെറ്റിട്ടാണ് സിനിമയിലെ യുദ്ധരംഗം ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500ലധികം പരിശീലനം നേടിയ പോരാളികളും 3,000ത്തോളം കലാകാരന്മാരും സഹകരിച്ചാണ് 45–50 ദിവസങ്ങളിലായി ഈ രംഗം ഷൂട്ട് ചെയ്തത്.
ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സംഗീതം ഒരുക്കിയത് ബി. അജനീഷ് ലോക്നാഥ്, ക്യാമറയ്ക്ക് പിന്നിൽ അരവിന്ദ് കശ്യപ്, പ്രൊഡക്ഷൻ ഡിസൈൻ വിനേഷ് ബംഗ്ലാൻ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാണ് സിനിമ റിലീസായത്.