സിനിമാ മേഖലയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കടന്നു വന്ന വ്യക്തിയാണ് നടിയും സംവിധായികയും എഴുത്തുകാരിയുമായ സുഹാസിനി. അഭിനേത്രി എന്ന നിലയില്‍ 20 വയസില്‍ തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ കാലത്തുള്ള പെണ്‍കുട്ടികള്‍ക്കില്ലെന്ന അഭിപ്രായമാണ് സുഹാസിനിക്കുള്ളത്. സഭാ ടിവി എക്‌സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
"20 വയസില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കില്ല എന്നാണ് എന്റെ അഭിപ്രായം. അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അവര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ട്രോള്‍ ചെയ്ത് കൊല്ലും അവരെ. ഞങ്ങള്‍ക്ക് അങ്ങനെ ഉണ്ടായിരുന്നില്ല. എനിക്കാണെങ്കിലും രേവതി, നദിയ മൊയ്തു എന്നിവര്‍ക്കാണെങ്കിലും ഞങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള ഒരു ഇടം അന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. എന്ത് പറഞ്ഞാലും അത് വിവാദമാകുകയാണ്. എന്ത് പറഞ്ഞാലും ആളുകള്‍ അതില്‍ തെറ്റ് കണ്ടുപിടിക്കാന്‍ നോക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പറയുന്ന കാലം എന്ത് ചെയ്തു? അതുകൊണ്ട് കാലം എന്നത് ഒരു മിഥ്യയാണ്", സുഹാസിനി പറഞ്ഞു.
തമിഴിന് പുറമെ മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും സുഹാസിനി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി വെര്‍ഡിക്റ്റാണ് അവസാനമായി റിലീസ് ചെയ്ത സുഹാസിനി അഭിനയിച്ച സിനിമ. മലയാളത്തില്‍ 2023ല്‍ പൂക്കാലം എന്ന ചിത്രത്തിലും സുഹാസിനി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ വിജയരാഘവന്റെ മകള്‍ ആയ ക്ലാര എന്ന കഥാപാത്രത്തെയാണ് സുഹാസിനി അവതരിപ്പിച്ചത്.