പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് Source: India TV
MOVIES

മോഹിത് സൂരിയുടെ 'സൈയാര' കൊറിയൻ ചിത്രത്തിന്‍റെ കോപ്പി? ചർച്ചയാക്കി സോഷ്യൽ മീഡിയ

ജൂലൈ 18 ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 45 കോടി രൂപയാണ് നേടിയത്.

Author : ന്യൂസ് ഡെസ്ക്

പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം സൈയാര പ്രേക്ഷകപ്രശംസ നേടി മുന്നോട്ട് പോവുകയാണ്. ജൂലൈ 18-ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 45 കോടി രൂപയാണ് നേടിയത്. ഒട്ടേറെ താരങ്ങളാണ് അഹാന്‍ പാണ്ഡെയ്ക്കും, അനീത് പദ്ദയ്ക്കും ആശംസയറിയിച്ച് എത്തിയത്. ഇതിനിടയിൽ സൈയാര 'എ മൊമന്‍റ് ടു റിമംബർ' എന്ന കൊറിയൻ ചിത്രത്തിന്‍റെ കോപ്പി ആണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ച.

ചിത്രത്തിൽ അനീത് പദ്ദ അവതരിപ്പിച്ച വാണി എന്ന കഥാപാത്രത്തിന് അൽഷിമേഴ്‌സ് രോഗമുണ്ട്, 'എ മൊമന്‍റ് ടു റിമംബറി'ലും പ്രധാന കഥാപാത്രമായ കിം സു-ജിനും ഇതേ രോഗമാണ്. രണ്ട് ചിത്രങ്ങളിലെ ചില സന്ദർഭങ്ങളും, നായികയുടെ പെട്ടെന്നുള്ള വേർപാടും എല്ലാമാണ് ഈ കൊറിയൻ ചിത്രത്തെ താരതമ്യപ്പെടുത്താന്‍ കാരണം.

യഥാർത്ഥത്തിൽ സൈയാര, 'എ മൊമന്‍റ് ടു റിമംബറി'ന്‍റെ കോപ്പിയാണോ? അല്ല, ചിത്രത്തിലുള്ള മറ്റ്‌ പല പ്ലോട്ടുകളും വ്യത്യസ്തമാണ്. സംഗീതം, ഹീലിംഗ് എന്നിവയാണ് സൈയാരയിൽ കൈകാര്യം പ്രധാന വിഷയം. എന്നാൽ, ഇതൊന്നും 'എ മൊമന്‍റ് ടു റിമംബറി'ൽ ഇല്ല.

സൈയാരയുടെ സംവിധായകൻ മോഹിത് സൂരി, ഇതിന് മുൻപും കോപ്പിയടി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. മർഡർ 2, ഏക് വില്ലൻ എന്നീ ചിത്രങ്ങളായിരുന്നു അത്. എന്നാൽ സൈയാര അങ്ങനെയല്ല, ഇതൊരു യഥാർഥ ഇന്ത്യന്‍ പ്രണയകഥയെന്നാണ് സംവിധായകന്‍ പറയുന്നത്. സങ്കല്പ് സദാനയുമായി ചേർന്നാണ് ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ കീഴിൽ അക്ഷയ് വിദ്വാനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഥൂൻ, സച്ചേത് പരമ്പര , തനിഷ്‌ക് ബാഗ്ചി , ഋഷഭ് കാന്ത്, വിശാൽ മിശ്ര , ഫഹീം അബ്ദുള്ള, അർസ്ലാൻ നിസാമി എന്നിവരാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിട്ടുള്ളത്.

SCROLL FOR NEXT