ഇന്ത്യയിൽ വേരുകളുള്ള ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ ഒരുക്കുന്ന 'ദ പെസന്റ്' സിനിമയുടെ ഇന്ത്യയിലെ ചിത്രീകരണം പൂർത്തിയായി. A24 ആണ് ഈ റിവഞ്ച് ആക്ഷൻ ത്രില്ലർ നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ചിത്രീകരിച്ച ആദ്യ A24 ചിത്രമാണ് 'ദ പെസന്റ്'.
ദേവ് പട്ടേൽ ആണ് സിനിമയുടെ സംവിധാനം. നടൻ സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് 'ദ പെസന്റ്'. 'മങ്കി മാൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള ദേവ് പട്ടേലിന്റെ അരങ്ങേറ്റം. പതിനാലാം നൂറ്റാണ്ടിലെ ഒരു ഇടയന്റെ പ്രതികാര കഥയാണ് 'ദ പെസന്റ്' പറയുന്നത്. തന്റെ സമൂഹത്തെ തകർത്തവരോട് പ്രതികാരം വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന അയാൾ, അവരെ ഓരോരുത്തരെയായി കൊലപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ദേവ് പട്ടേലിനൊപ്പം ക്രിസ്റ്റ്യൻ ഫ്രീഡൽ ('ദി സോൺ ഓഫ് ഇന്ററസ്റ്റ്'), സെബാസ്റ്റ്യൻ ബുൾ ('സൺസ്'), സൗരഭ് സച്ച്ദേവ ('അനിമൽ'), അനസൂയ സെൻഗുപ്ത ('ദി ഷേംലെസ്'), വിപിൻ ശർമ ('മങ്കി മാൻ') എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിൽ ഡണ്ണും ദേവ് പട്ടേലും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മൈനർ റെലം എന്ന ബാനറിൽ സിനിമയുടെ നിർമാണത്തിലും ദേവ് പട്ടേൽ പങ്കാളിയാണ്. A24, തണ്ടർ പിക്ചേഴ്സ് എന്നിവരാണ് മറ്റ് നിർമാതാക്കൾ. 'മങ്കി മാന്' ശേഷം ദേവ് പട്ടേലും തണ്ടർ പിക്ചേഴ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.