

ഹോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ യൂണിവേഴ്സി'ന്റെ ഭാഗമായി മലയാളി താരം ഉണ്ണി മുകുന്ദൻ. സിനിമയുടെ മലയാളം പതിപ്പിൽ നായക കഥാപാത്രമായ ഹീ മാന് നടനാണ് ശബ്ദം നൽകിയിരിക്കുന്നത്. താൻ ഏറെ ആരാധിച്ച കഥാപാത്രത്തിന്റെ ശബ്ദമാകാൻ സാധിച്ചത് അവിശ്വസനീയമായി തോന്നുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ താരം വ്യക്തമാക്കി.
ടെലിവിഷൻ സ്ക്രീനുകളിലും കോമിക്സുകളിലും സിനിമാ തിയേറ്ററുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഐക്കോണിക് ആയ ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുകയാണ് ഞാൻ - 'ഹീ-മാൻ'.
തൊണ്ണൂറുകളിൽ വളർന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രം മാത്രമല്ല. ശക്തിയുടെയും ധീരതയുടെയും നീതിയുടെയും യഥാർഥ പുരുഷത്വത്തിന്റെയും പ്രതീകമാണ്.
ഇത്തരം ഫാന്റസി ഹീറോകളാണ് എന്നെ ആദ്യ കാലത്ത് സിനിമയിലേക്ക് ആകർഷിച്ചത്. പതിയെ "ഫിക്ഷൻ" അല്ലാതായി മാറുകയും എന്റെ കുട്ടിക്കാലത്തിന്റെയും ഭാവനയുടെയും അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത കഥാപാത്രങ്ങൾ.
ആക്ഷൻ ഫിഗറുകളുടെയും കളക്റ്റിബിൾസിന്റെയും വലിയൊരു ശേഖരമുള്ളയാളാണ് ഞാൻ. അവ എന്നിലെ കൊച്ചുബാലനുമായി എങ്ങനെയൊക്കെയോ എന്നെ ബന്ധിപ്പിച്ചു നിർത്തുന്നു. അവ എന്നെ ലാളിത്യമാർന്ന ഒരു ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നു... കൂടുതൽ സുരക്ഷിതമായ ഒരു ലോകം... അവിടെ ഹീറോകൾ ഉണ്ടായിരുന്നു, നന്മ എപ്പോഴും തിന്മയെ പരാജയപ്പെടുത്തിയിരുന്നു, ഒരൊറ്റ ഐക്കോണിക് ഡയലോഗിന് നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടാൻ കഴിയുമായിരുന്നു.
ഇന്ന്, പണ്ട് ടെലിവിഷൻ സ്ക്രീനിന് മുന്നിലിരുന്ന് സ്വപ്നം കണ്ടിരുന്ന ആ കൊച്ചുബാലൻ 38 വയസുകാരനായി വളർന്നിരിക്കുന്നു... ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുകൊണ്ട്... താൻ കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന ആ ഹീറോയ്ക്ക് തന്നെ ശബ്ദം നൽകുന്നു.ഇത് ടൈപ്പ് ചെയ്യുമ്പോൾ പോലും എനിക്ക് ഇതൊരു അവിശ്വസനീയമായ കാര്യമായി തോന്നുന്നു.
മലയാളം പ്രേക്ഷകർക്കായി ഹീ-മാന്റെ മലയാളം ശബ്ദമായി ഞാൻ മാറുന്നു എന്ന വാർത്ത പങ്കുവയ്‌ക്കുന്നതിൽ എനിക്ക് സന്തോഷവുമുണ്ട്. ഡബ്ബിങ് സെഷനുകളിൽ, സിനിമയുടെ ചില ഭാഗങ്ങൾ എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു... സത്യം പറഞ്ഞാൽ, ഞാൻ എന്റെ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. സ്റ്റുഡിയോയിലിരിക്കുന്ന ഒരു നടനാണ് ഞാനെന്ന കാര്യം മറന്നുപോയ നിമിഷങ്ങളുണ്ടായി. വിടർന്ന കണ്ണുകളോടെ... വൈകാരികമായി... ഹീ-മാന്റെ മാന്ത്രികതയിൽ പൂർണമായും മുഴുകി ഞാൻ വീണ്ടും ആ കൊച്ചു കുട്ടിയായി മാറി.
കുട്ടിക്കാലത്ത് എണ്ണമറ്റ തവണ കേൾക്കുകയും ആവർത്തിക്കുകയും ചെയ്ത ആ ഐക്കോണിക് ഡയലോഗുകൾ പറയാനുള്ള നിമിഷം വന്നപ്പോൾ, എന്നിൽ എന്തോ ഒന്ന് മാറിമറിഞ്ഞു. “എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ.” “By the Power of Grayskull… I Have The Power!”
ആ അനുഭൂതി എനിക്ക് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. ചില സ്വപ്നങ്ങൾ നിശബ്ദമായി കടന്നുവരും... ഒടുവിൽ അവ യാഥാർഥ്യമാകുമ്പോൾ, നിങ്ങളുടെ ആത്മാവിൽ നിങ്ങൾ പോലും അറിയാതെ കാത്തിരുന്ന ചില ഭാഗങ്ങളെ അവ സുഖപ്പെടുത്തും.
കേരളത്തിലെ ഓരോ ഹീ-മാൻ പ്രേമിക്കും ആഴത്തിൽ അനുഭവപ്പെടുന്ന രീതിയിൽ പവറും വികാരവും നൊസ്റ്റാൾജിയയും നിറഞ്ഞതാണ് ഇതിന്റെ മലയാളം പതിപ്പ്. ഈ കഥാപാത്രത്തിന് ഒരുകാലത്തുണ്ടായിരുന്ന ഭ്രാന്തമായ ജനപ്രീതിയെയും സാംസ്കാരിക സ്വാധീനത്തെയും കുറിച്ച് പൂർണമായി അറിയാത്ത ജെൻ സി കുട്ടികൾ പോലും ഈ ഗംഭീരമായ സിനിമാ ലോകവുമായി പ്രണയത്തിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ കുട്ടിക്കാലത്തുടനീളം സിനിമയുടെയും അതിന്റെ വലിപ്പത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്ന മെട്രോ-ഗോൾഡ്വിൻ-മേയറുടെ ആ ഐക്കോണിക് സിംഹ ഗർജനം സ്ക്രീനിൽ കാണുന്നത് എനിക്ക് മറ്റൊരു സവിശേഷ നിമിഷമായിരുന്നു. ആ പാരമ്പര്യത്തിനൊപ്പം എന്റെ പേര് കൂടി ചേർത്തുവായിക്കപ്പെടുക എന്നത് തീർത്തും വ്യക്തിപരവും മാജിക്കലുമാണ്.
എന്റെ കുട്ടിക്കാലത്തുടനീളം സിനിമയുടെയും അതിന്റെ വലിപ്പത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്ന മെട്രോ-ഗോൾഡ്വിൻ-മേയറുടെ ആ ഐക്കോണിക് സിംഹ ഗർജനം സ്ക്രീനിൽ കാണുന്നത് എനിക്ക് മറ്റൊരു സവിശേഷ നിമിഷമായിരുന്നു. ആ പാരമ്പര്യത്തിനൊപ്പം എന്റെ പേര് കൂടി ചേർത്തുവായിക്കപ്പെടുക എന്നത് തീർത്തും വ്യക്തിപരവും മാജിക്കലുമാണ്. ഇത് സാധ്യമാക്കിയതിനും ലോകമെമ്പാടുമുള്ള തലമുറകൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിനും സോണി പിക്ചേഴ്സിന് വലിയൊരു നന്ദി. രുദ്രയിലെ ശേഖർജി, ഉദയ് ബ്രോ, ഗായത്രി എന്നിവർക്കും നന്ദി.
മാനിഫെസ്റ്റേഷനിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു.എന്റെ മനസ് പൂർണമായ സത്യസന്ധതയോടും അഭിനിവേശത്തോടും കൂടി വിഭാവനം ചെയ്ത ഓരോ പ്രധാന കാര്യങ്ങളും... ജീവിതം എങ്ങനെയെങ്കിലും ഏറ്റവും മാന്ത്രികമായ രീതിയിൽ എനിക്ക് മുന്നിൽ എത്തിച്ചു തന്നിട്ടുണ്ട്. പ്രശസ്തിക്കോ വിജയത്തിനോ വേണ്ടി മാത്രമല്ല ഞാൻ എപ്പോഴും പ്രാർത്ഥിച്ചിട്ടുള്ളത്, ഇതിനിടയിലെല്ലാം എന്നെ ഒരു നല്ല മനുഷ്യനായി നിലനിർത്താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം ദൈവം നമുക്ക് നൽകിയിട്ടുള്ള ഏറ്റവും വലിയ സമ്മാനം മനുഷ്യന്റെ മനസാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അത് മാന്ത്രികമാണ്. അത് ശ്രദ്ധിക്കുന്നു. അത് യാഥാർഥ്യത്തെ രൂപപ്പെടുത്തുന്നു. എങ്ങനെയോ... നിങ്ങൾ അത്രമേൽ ആഴത്തിൽ വിശ്വസിക്കുമ്പോൾ... നിങ്ങളുടെ ഹൃദയം ചോദിച്ച കാര്യം കൃത്യമായി നിങ്ങൾക്ക് നൽകാൻ ജീവിതം നിഗൂഢമായ വഴികൾ കണ്ടെത്തും.
വർഷങ്ങൾക്ക് മുമ്പ് ഞാൻ ഹീ-മാൻ ആണെന്ന് സങ്കൽപ്പിച്ചിരുന്ന കാലത്ത് ലണ്ടനിൽ നിന്ന് വാങ്ങിയ ഹീ-മാൻ ടോയിയുടെ ചിത്രം ഇവിടെ പങ്കുവയ്ക്കുന്നു.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാറുണ്ട്. അതുകൊണ്ട്...ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന 'മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ്' കാണുക, ഉണ്ണി മുകുന്ദന്റെ ശബ്ദത്തിലുള്ള മലയാളം പതിപ്പ് അനുഭവിക്കുക. റെക്കോർഡുകൾക്കായി മാത്രം പറയുകയാണ്... ഞാനാണ് ഹീ-മാന്റെ ശബ്ദം..., ഞാനാണ് ഹീ-മാൻ.
ജൂൺ അഞ്ചിനാണ് 'മാസ്റ്റേഴ്സ് ഓഫ് ദ യൂണിവേഴ്സ്' ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോസ് ഏഞ്ചൽസിൽ നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
നിക്കോളാസ് ഗാലിറ്റ്സിൻ ആണ് സിനിമയിൽ പ്രിൻസ് ആഡം / ഹീ-മാൻ ആയി എത്തുന്നത്. ടീലയായി വേഷമിടുന്നത് കാമില മെൻഡിസ്. സ്കെലറ്റർ എന്ന വില്ലൻ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് നടൻ ജാരെഡ് ലെറ്റോ ആണ്. സോണി പിക്ചേഴ്സ്–എംജിഎം എന്നിവർ ചേർന്നാണ് നിർമാണം.