മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലോക ചാപ്റ്റര്‍ വണ്‍. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ചതിനു ശേഷം ഇപ്പോള്‍ ഒടിടിയിലും പ്രയാണം തുടരുകയാണ് നീലിയും സംഘവും. 300 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടിയത്.
സിനിമയുടെ നിര്‍മാതാവ് എന്ന നിലയില്‍ ദുല്‍ഖര്‍ സല്‍മാനും വേഫെറര്‍ ഫിലിസും ഇന്ത്യന്‍ സിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച ചിത്രം കൂടിയാണിത്. പക്ഷെ, ലോക എങ്ങനെയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി മാറിയതെന്ന് അറിയില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
പുതിയ ചിത്രം കാന്തയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ലോകയുടെ വിജയത്തെ കുറിച്ച് സംസാരിച്ചത്. ലോകയുടെ വിജയത്തിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദുല്‍ഖറിന്റെ മറുപടി.
സിനിമയുടെ വിജയം നമുക്ക് ആസൂത്രണം ചെയ്യാനോ പ്രവചിക്കാനോ കഴിയുന്നതല്ല. ഒരു സിനിമ എങ്ങനെ വിജയിക്കുന്നു എന്ന സയന്‍സ് എന്താണെന്ന് ഒരിക്കലും മനസിലാക്കാന്‍ പറ്റുമെന്ന് കരുതുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അത് അറിയാമായിരുന്നെങ്കില്‍, തന്റെ പുതിയ ചിത്രം കാന്ത എത്ര ഭാഷകളില്‍ ഡബ്ബ് ചെയ്യണം, എത്രനാള്‍ ചിത്രീകരിക്കണം എന്നതിനെ കുറിച്ചൊന്നും ആലോചിക്കേണ്ടി വരില്ലായിരുന്നു. സിനിമയെ സംബന്ധിച്ച് എന്താണ് വര്‍ക്ക് ആകുന്നത് എന്നതിന് യാതൊരു സയന്‍സുമില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.
ആകെ ചെയ്യാനാകുന്ന കാര്യം സത്യസന്ധതയോടെയും ആത്മാര്‍ത്ഥയോടെയും ഒരു സിനിമ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ്. ലോകയുടെ വിജയത്തില്‍ താന്‍ പോലും ഞെട്ടിയിരുന്നുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ലോക യൂണിവേഴ്‌സിലെ ആദ്യ സിനിമയില്‍ തന്നെ പണമെല്ലാം നഷ്ടപ്പെടുമെന്നാണ് താന്‍ ശരിക്കും കരുതിയത്.
കാരണം ലോകയ്ക്കു വേണ്ടി ബജറ്റിന്റെ ഇരട്ടി ചെലവഴിച്ചു. വരാനിരിക്കുന്ന മറ്റ് സിനിമകള്‍ക്ക് ആവശ്യമുള്ളതിനാല്‍ മ്യൂസിക് റൈറ്റ്‌സ് വില്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, ആ സിനിമ തനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് അങ്ങനെ പുറത്തുവന്നതില്‍ താന്‍ സന്തുഷ്ടനാണ്. രസകരവും അതുല്യവും ധീരവുമായ ഒന്ന് ചെയ്യുന്നു എന്നായിരുന്നു വിശ്വാസം. ലോക വിജയിച്ചാല്‍ അതിലെ അടുത്ത ചാപറ്ററുകള്‍ക്ക് സാധ്യതയുണ്ട് എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ, ഇത്ര വലിയ വിജയം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല- ദുല്‍ഖര്‍ പറഞ്ഞു.