‘ലോക ചാപ്റ്റർ 2’ ടൊവിനോ നായകൻ  
MOVIES

"ചാത്തന്മാർ വരും, അവനെയും കൊണ്ടുവരും"; ‘ലോക ചാപ്റ്റർ 2’വിൽ ടൊവിനോ നായകൻ

അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ചാത്തന്റെ ചേട്ടനെപ്പറ്റിയുള്ള പരാമർശമാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'ലോക ചാപ്റ്റർ 2'വിന്റെ വരവ് അറിയിച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. നടന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സിനിമയുടെ അനൗണ്‍സ്‌മെൻ്റ് വീഡിയോ പുറത്തുവിട്ടു. കല്യാണി പ്രിയദർശന്‍ പ്രധാന കഥാപാത്രമായി എത്തിയ 'ലോക ചാപ്റ്റർ വണ്‍: ചന്ദ്ര' തുടർച്ചയായി അഞ്ചാം ആഴ്ചയും വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം.

'ലോക ചാപ്റ്റർ 1'ല്‍ ചാത്തനായി എത്തിയ ടൊവിനോ തോമസും ഒടിയന്‍ (ചാർളി) ആയി വന്ന ദുല്‍ഖർ സല്‍മാനും തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് ഈ വീഡിയോയിലുള്ളത്. ചാത്തന്മാരുടെ സ്വഭാവ സവിശേഷതകള്‍ ടൊവിനോയുടെ കഥാപാത്രം ചാർളിയോട് പറയുന്നു. ഒപ്പം സിനിമയില്‍ കാണിക്കുന്ന 'ദേ ലിവ് എമങ് അസ്' എന്ന പുസ്തകം എടുത്തുകാട്ടി രണ്ടാം ഭാഗം തന്നെപ്പറ്റിയാണെന്നും താന്‍ അതില്‍ ഉണ്ടാകില്ലേയെന്നും ചാത്തന്‍ ചാർളിയോട് ചോദിക്കുന്നു. ചാത്തന്മാർ തന്നെ കൊണ്ടുവരും എന്ന് ടൊവിനോ പറയുമ്പോള്‍ "നീ വിളിക്ക് നമുക്ക് നോക്കാം" എന്നാണ് ദുല്‍ഖറിൻ്റെ കഥാപാത്രത്തിന്റെ മറുപടി.

ഈ വീഡിയോയില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ചാത്തന്റെ ചേട്ടനെ പറ്റിയുള്ള പരാമർശമാണ്. അവന്‍ വയലന്റാണെന്നും മൂത്തോനെയും തന്നെയുമാണ് അവന് വേണ്ടതെന്നും ചാത്തന്‍ പറയുന്നുണ്ട്. ലോകയുടെ അടുത്ത ഭാഗം ചാത്തനും ചേട്ടനും തമ്മിലുള്ള പോരാട്ടമാകുമെന്നാണ് ഈ സംഭാഷണങ്ങള്‍ നല്‍കുന്ന സൂചന. മൂന്നാം ഭാഗത്തിലേക്കുള്ള കണ്ണിയായി ചാർളിയും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയേക്കും.

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ഡൊമിനിക് അരുണ്‍ ആണ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ , കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു, സൗണ്ട് മിക്സ് - രാജകൃഷ്ണൻ, ഗാനരചന - ശശികുമാർ, മുറി, സേബ ടോമി, പ്രൊഡക്ഷൻ കൺട്രോളർ - വിനോഷ് കൈമൾ, റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുജിത് സുരേഷ്, അസോസിയേറ്റ് ഡയറക്ടർ - സുഗീഷ് എസ്.ജി, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - ആൻസൺ ടൈറ്റസ്, അസോസിയേറ്റ് ക്യാമറാമാൻ - ഹെമിൽ സുഗുണൻ, പ്രൊജക്റ്റ് ഹെഡ്സ് - സുജയ് ജെയിംസ്, ദേവ ദേവൻ വി, എഐ വിഷ്വലൈസേഷൻ & പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ - അജ്മൽ ഹനീഫ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രോഹിത് കെ സുരേഷ്, അമൽ സി സദാർ, പബ്ലിസിറ്റി ഡിസൈൻ - സൗന്ദര്യശാസ്ത്ര കുഞ്ഞമ്മ, കാസ്റ്റിംഗ് ഡയറക്ടർ - വിവേക് ​​അനിരുദ്ധ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ - ജിതിൻ പുത്തഞ്ചേരി, ഡി ഐ കളറിസ്റ്റ് - യാഷിക റൗട്രേ, ഡി ഐ സ്റ്റുഡിയോ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഷ്വൽ ഇഫക്റ്റുകൾ - ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ് & പിക്റ്റോറിയൽ എഫ് എക്സ്, ആനിമേഷൻ - യൂനോയൻസ് സ്റ്റുഡിയോ.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച, കള്ളിയങ്കാട്ടു നീലിയുടെ കഥ പറഞ്ഞ ലോകയുടെ ആദ്യ ഭാഗം കേരളത്തിൽ 275 സ്‌ക്രീനുകളിലാണ് പ്രദർശനം തുടരുന്നത്. 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല. മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ 'ലോക' മുന്നേറുന്നത്.

SCROLL FOR NEXT