ഗീതു മോഹൻദാസ് ഒരു മികച്ച സംവിധായികയാണ്. അതിന് പ്രത്യേകിച്ച് ആരുടേയും സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ല. 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ സിനിമകൾ അതിന് സാക്ഷ്യം പറയും. പക്ഷേ, ആ മികവ് യഷിനെ നായകനാക്കി ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സി'ൽ പൂർണമായി കാണാൻ സാധിക്കുന്നില്ല. വലിയ ആഗ്രഹങ്ങൾ ആദ്യാവസാനം ഈ സിനിമയിൽ പ്രകടമാണ്. എന്നാൽ, അത് തിരയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ ഗീതുവിന് പിഴയ്ക്കുന്നു. കാസ്റ്റിങ് മുതൽ സംവിധായികയുടെ പല തീരുമാനങ്ങളും കാണികളെ നിരാശപ്പെടുത്തുന്നു.
മാസ് കൊമേഷ്യൽ സിനിമ എടുക്കുക എന്നത് പാടുപിടിച്ച പണിയാണ്. അതിന്റെ സ്ഥിരം ടെംപ്ലേറ്റ് ഉടച്ച് പുതിയ ഒരെണ്ണം പണിതീർക്കാനാണ് ഇറങ്ങിത്തിരിക്കുന്നതെങ്കിൽ വിശേഷിച്ചും. ശക്തമായ കഥയും തിരക്കഥയും സംഭാഷണങ്ങളും പ്രകടനങ്ങളും കൂടിച്ചേർന്നാൽ മാത്രമേ ഈ പുതുക്കിപ്പണിയൽ സാധ്യമാകൂ. ഗീതുവിനെ സംബന്ധിച്ച് നല്ലൊരു കഥയും മികച്ച ടെക്നീഷ്യന്മാരുടെ സംഘവും ബജറ്റും കൈവശമുണ്ടായിരുന്നു എന്ന കാര്യം നിസംശയം പറയാം. എന്നാൽ, തിരക്കഥ സിനിമയെ കുഴിയിൽ വീഴ്ത്തുന്നു. മുകളിലേക്ക് കയറാൻ പലകുറി ശ്രമിക്കുന്നുണ്ടെങ്കിലും അഭിനേതാക്കളുടെ ആഴമില്ലാത്ത പ്രകടനം സിനിമയെ വീണ്ടും വലിച്ചു താഴെയിടുന്നു.
യഷ് എന്ന നടന്റെ സ്ക്രീൻ പ്രെസൻസ് 'കെജിഎഫി'ലെ പോലെ 'ടോക്സിക്കി'ലും പ്രകടമാണ്. റായ, ടിക്കറ്റ് എന്നിങ്ങനെ രണ്ട് ഭാവങ്ങളിൽ നമുക്ക് നടനെ കാണാം. തോക്കെടുക്കുന്ന, ആളുകളെ അരിഞ്ഞുവീഴ്ത്തുന്ന ഗ്യാങ്സ്റ്ററായി നടൻ തിളങ്ങുന്നുണ്ട്. എന്നുകരുതി 'ടോക്സിക്' മൊത്തത്തിൽ ഒരു ഗ്യാങ്സ്റ്റർ സ്റ്റോറിയാണെന്ന് വിചാരിക്കരുത്. ഇത് റായ എന്ന ഗ്യാങ്സ്റ്ററിന്റെ ജീവിതത്തിലെ സ്ത്രീകളുടെ കൂടി കഥയാണ്. അയാളെ സ്നേഹിക്കുന്ന, വഞ്ചിക്കുന്ന, അയാൾ കാമിക്കുന്ന പ്രണയിക്കുന്ന സ്ത്രീകളുടെ കഥ. ഇവിടെയാണ് സിനിമയ്ക്ക് ബാലൻസ് തെറ്റുന്നത്. ഈ സ്ത്രീ കഥാപാത്രങ്ങളിൽ കിയാര അദ്വാനിയുടെ 'നാദിയ' എന്ന കഥാപാത്രം മാത്രമാണ് പ്രേക്ഷകരിൽ എന്തെങ്കിലും ചലനമുണ്ടാക്കുന്നത്. ആദ്യ സീൻ മുതൽ തന്റെ കഥാപാത്രത്തോട് നീതിപുലർത്താനുള്ള ഒരു ശ്രമം നടി നടത്തുന്നുണ്ട്. അത് മറ്റുള്ളവരിൽ കാണാൻ സാധിക്കുന്നില്ല. മോശം എഴുത്ത് കൂടിയാകുമ്പോൾ മറ്റുള്ള സ്ത്രീ കഥാപാത്രങ്ങൾ കഥയിൽ വന്നുപോകുന്നവർ മാത്രമാകുന്നു. അതിൽ ഏറ്റവും നിരാശപ്പെടുത്തുന്നത് നയൻതാരയുടെ ഗംഗയാണ്. ഈ കഥാപാത്രത്തിന് കൃത്യമായ ഒരു പശ്ചാത്തലമുണ്ട്, അഭിലാഷങ്ങളുണ്ട്. അനുഭവങ്ങൾ മരവിപ്പിച്ച മുഖഭാവമാണ് അവർക്ക് സംവിധായിക നൽകിയിരിക്കുന്നത്. കഥയിൽ അവർക്ക് വലിയ പങ്കാളിത്തമുണ്ട്. പക്ഷേ, നയൻതാര എന്ന അഭിനേത്രി വെറുതെ വന്ന് നിന്നുപോയപോലെയാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.
നായകനായ യഷിന്റെ പ്രകടനത്തിലേക്ക് വന്നാൽ, ആദ്യ പകുതിയിൽ നടനിൽ റോക്കി ഭായിയുടെ ഹാങ്ഓവർ കാണാം. എന്നാൽ, രണ്ടാം പകുതിയിൽ നടൻ അത് അതിജീവിക്കുന്നു. വലിയ അഭിനയ സാധ്യതയുള്ളത് ഇവിടെയാണ്. നടൻ അതിൽ വിജയിച്ചുവെന്ന് പറയാൻ സാധിക്കില്ല. ഗീതു തന്റെ പരീക്ഷണങ്ങൾ നടത്തുന്നതും ഈ സെക്കൻഡ് ഹാഫിലാണ്. സിനിമയുടെ ക്ലൈമാക്സ് സീൻ യഷിന് ശരിക്കും അഗ്നിപരീക്ഷയായിരുന്നു എന്ന് തന്നെ പറയാം. ഈ സീനിന്റെ ഇംപാക്ട് നിങ്ങൾ ഏത് ഭാഷയിലാണ് സിനിമ കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. മലയാളം ഡബ്ബാണ് കാണുന്നതെങ്കിൽ ഈ സീൻ നിങ്ങളെ അത്ര രസിപ്പിക്കണമെന്നില്ല. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ എടുത്ത സിനിമ മലയാളത്തിന് പിടികൊടുക്കുന്നില്ല. സിംഹം, പുലി, കടുവ ഉപമകളിലൂടേയും പഴഞ്ചൊല്ലുകളിലൂടെയും സംസാരിക്കുന്ന കഥാപാത്രങ്ങൾ നമുക്കും ഇപ്പോൾ പരിചിതരമാണ്. ഇത്തരം കഥാപാത്രങ്ങളിൽ അൽപ്പം തത്ത്വചിന്തകൂടിയുണ്ടെങ്കിലോ? അവരെയാണ് നമ്മൾ 'ടോക്സിക്കി'ൽ കാണുന്നത്. അവർ പറയുന്ന സംഭാഷണങ്ങൾ ദഹിക്കാൻ അൽപ്പം പ്രയാസമാണ്. എവിടെയോ റിഥം നഷ്ടമാകുന്ന പോലെ. ചിലപ്പോൾ ഇംഗ്ലീഷിൽ ഈ സംഭാഷണങ്ങൾക്ക് ആത്മാവുണ്ടാകാം.
ആ വശം മാറ്റിവച്ചുനോക്കിയാലും തിരക്കഥയിലും പരിചരണത്തിലും 'ടോക്സിക്' പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല എന്ന് പറയേണ്ടിവരും. അതേസമയം, ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പരീക്ഷണങ്ങളെ വിലക്കുറച്ച് കാണാനും പറ്റില്ല. അവർ ശ്രമിച്ചു. ആത്മാർഥമായി തന്നെ. പക്ഷേ... സിനിമയിലെ ഒരു ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ - ചില തീരുമാനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടിവരും!