ഉദയനാണ് താരം, ഛോട്ടാ മുംബൈ 
MOVIES

തിയേറ്റർ പൂരപ്പറമ്പാകും... റീ-റിലീസിനൊരുങ്ങി രണ്ട് മോഹൻലാൽ ചിത്രങ്ങൾ!

ജൂൺ മാസത്തിൽ തലയുടെയും ഉദയൻ്റെയും വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ

Author : ന്യൂസ് ഡെസ്ക്

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ മോഹൻലാലിൻ്റെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ജൂണിൽ വീണ്ടും തിയേറ്ററിലേക്കെത്തുന്നത്. ഛോട്ടാ മുംബൈയും ഉദയനാണ് താരവുമാണ് ജൂണിൽ റീ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രങ്ങൾ.

ഛോട്ടാ മുംബൈ

ഛോട്ടാ മുംബൈയുടെ 4k റീ മാസ്‌റ്റേർഡ് വേർഷനാണ് ജൂൺ ആറിന് തീയറ്ററിൽ എത്തുന്നത്. അൻവർ റഷീദിൻ്റെ സംവിധാനത്തിൽ 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ മോഹൻലാൽ ആരാധകരുടെ ഇഷ്‌ട ചിത്രങ്ങളിൽ ഒന്നാണ്. മോഹൻലാലിൻ്റെ പിറന്നാൾ ദിനമായ മെയ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണം മൂലം മാറ്റിവെക്കുകയായിരുന്നു. മോഹൻലാലിൻ്റെ ഇതിനുമുമ്പ് പുറത്തിറങ്ങിയ റീ റിലീസ് ചിത്രമായ ദേവദൂതൻ 4 കെ ദൃശ്യചാരുതയിൽ അണിയിച്ചൊരുക്കിയ ഹൈ സ്‌റ്റുഡിയോസ് തന്നെയാണ് ഛോട്ടാ മുംബൈയും ഫോർ കെ ഡോൾബി അറ്റ്‌മോസിൽ റീമാസ്‌റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രം കൂടിയാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്‌കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഉദയനാണ് താരം

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. ജൂൺ 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്‌ത് 20 വർഷത്തിനുശേഷം 4k ദൃശ്യ മികവോടെയാണ് ഉദയനാണ് താരവും തിയേറ്ററിൽ എത്തുന്നത്. റോഷൻ ആന്‍ഡ്രൂസിൻ്റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ഇത്. കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമിച്ചത്. ശ്രീനിവാസൻ ആണ് ചിത്രത്തിൻ്റെ തിരക്കഥ. മീന, ജഗതി ശ്രീകുമാർ, മുകേഷ്, സലീം കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.

ജൂൺ മാസത്തിൽ തലയുടെയും ഉദയൻ്റെയും വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.

SCROLL FOR NEXT