ലോകമെമ്പാടുമുള്ള ഹാരി പോട്ടർ ആരാധകർ കാത്തിരുന്ന അറിയിപ്പെത്തി. പുതിയ ഹാരി പോട്ടർ സീരീസിലെ താരങ്ങളെ HBO പ്രഖ്യാപിച്ചു. ഹാരി പോട്ടർ അടക്കമുള്ള മൂന്നു പ്രധാന കഥാപാത്രങ്ങൾ ആരാകും അവതരിപ്പിക്കുക എന്ന ചോദ്യത്തിനിപ്പോൾ ഉത്തരം പറഞ്ഞിരിക്കുകയാണ് HBO.
ഹാരി പോട്ടർ, ഹെർമിയോണി ഗ്രേഞ്ചർ, റോൺ വീസ്ലി. ഹാരി പോട്ടർ നോവലിലെ മൂന്നു പ്രധാന കഥാപാത്രങ്ങൾ സ്ക്രീനിൽ ആര് അവതരിപ്പിക്കും എന്നതിലെ കൗതുകം അവസാനിക്കുകയാണ്. സ്കോട്ടിഷ് ആക്ടർ ഡൊമിനിക് മക്ലാഫ്ലിനാണ് ഹാരി പോട്ടറെ അവതരിപ്പിക്കുക. അരബെല്ല സ്റ്റാൻഡൻ, ഹെർമിയോണിയാകുമ്പോൾ അലസ്റ്റെയർ സ്റ്റൌട്ട് റോൺ വീസ്ലിയെ അവതരിപ്പിക്കും.
30,000 പേരുടെ ഓഡിഷനിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. ഹാരിയുടെ എതിരാളി ഡ്രാക്കോ മാൽഫോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണിപ്പോൾ സീരീസിന്റെ കാസ്റ്റിംഗ് ഡയറക്ടേഴ്സ്. റിച്ചാർഡ് ഹാരിസ് അവതരിപ്പിച്ച ആൽബസ് ഡംബിൾഡോർ ആയി എത്തുക ജോൺ ലിത്ത്ഗോയാണ്. പാപ്പാ എസ്സ്യേടുവാണ് അലൻ റിക്ക്മാൻ അവതരിപ്പിച്ച പ്രൊഫസർ സ്നേപ്പായ് എത്തുന്നത്.
മാർക്ക് മൈലോഡാണ് സംവിധാനം. ഫ്രാഞ്ചെസ്ക ഗാർഡിനറാണ് സീരീസ് ക്രിയേറ്റർ. ബ്രോൻ്റെ ഫിലിം ആൻഡ് ടിവിയും വാർണർ ബ്രോസ് ടെലിവിഷനും ചേർന്നാണ് HBO യ്ക്ക് വേണ്ടി സീരീസ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഹാരി പോട്ടർ നോവൽ രചിച്ച ജെ.കെ. റൌളിങും ഒപ്പമുണ്ട്. ഷൂട്ടിങ് വരുന്ന ജൂലൈയിൽ ആരംഭിക്കും.
2001 മുതൽ 2011 വരെ നോവലിൻ്റെ ഏഴു ഭാഗങ്ങൾ സിനിമകളായിരുന്നു. ഡാനിയേൽ റാഡ്ക്ലിഫ്, എമ്മാ വാട്സൺ, റൂപർട് ഗ്രിൻ്റ് എന്നിവരാണ് ഹാരി പോട്ടർ സിനിമയിലെ പ്രധാന മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങിയിട്ട് ദശാബ്ദങ്ങളായെങ്കിലും ഇന്നും പ്രേക്ഷകരുടെ ഫേവറ്റൈറ്റ് ഇപ്പോഴും ഇവരാണ്. പുതിയ ഹാരി പോട്ടർ എങ്ങനെയാകും ആരാധകർ സ്വീകരിക്കുക എന്നതിനാണിനി കാത്തിരിപ്പ്.