ഒരു അഭിനേതാവ് ഫ്രെയിമിലേക്ക് ആദ്യം വരുന്ന നിമിഷം തന്നെ കാണികൾക്ക് ആ വ്യക്തി അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. 'ആശ' എന്ന ചിത്രത്തിലെ ആദ്യ സീനിൽ തന്നെ ആ അപൂർവ അവസരം സമ്മാനിക്കുകയാണ് സഫർ സനൽ എന്ന സംവിധായകൻ. തീർത്തും സാധാരണമായ ഒരു രംഗം. നമ്മളിൽ പലരും കണ്ടു പരിചയിച്ച, പലരും ജീവിതത്തിൽ അനുഭവിച്ച കാര്യമാണ് ഈ രംഗത്തിൽ നടക്കുന്നത്. പക്ഷേ, ഇവിടെ കഥാപാത്രം ആ സാധാരണ കാര്യത്തോട് പ്രതികരിക്കുന്ന രീതിയിൽ നിന്നും ആശ ആരാണെന്നല്ല, എന്താണെന്ന് പറയുകയാണ് സിനിമ. ഉർവശി എന്ന നടിയുടെ അതുല്യമായ പ്രതിഭയുടെ വിളയാട്ടമാണ് ഇവിടെ നിന്നങ്ങോട്ട് രണ്ട് മണിക്കൂർ പ്രേക്ഷകർ കാണുന്നത്, അനുഭവിക്കുന്നത്. അവിടെ ഉർവശിയില്ല. ആശ, ആശ മാത്രം!
ആശ ശാഠ്യക്കാരിയാണ്. അടുത്ത നിമിഷം അവർ എന്തുചെയ്യുമെന്നും പറയുമെന്നും ആർക്കും പ്രവചിക്കാനാകില്ല. ഭർത്താവിന്റെ വേർപാടിനു ശേഷം രണ്ടു പെൺമക്കളെ ഒറ്റയ്‌ക്ക് വളർത്തിയ സ്ത്രീ. കഴിഞ്ഞ കാലം, ദാമ്പത്യം, അവരുടെ മനസിൽ ഒരുപാട് മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. അതൊന്നും ആശ ആരോടും പറഞ്ഞിട്ടില്ല. അതെല്ലാം അവരുടെ ഉള്ളിലിങ്ങനെ ഉറഞ്ഞുകിടക്കുകയാണ്. അതുകൊണ്ടാകണം ആശ അങ്ങനെ അധികം ചിരിച്ച് നമ്മൾ കാണുന്നില്ല. അവരുടെ മുഖം എപ്പോഴും വലിഞ്ഞുമുറുകിയാണ് ഇരിക്കുന്നത്. വല്ലപ്പോഴും ഒരു ചിരി ചുണ്ടിൽ വരും. പെട്ടെന്ന് തന്നെ അത് മായും. അവരുടെ തലച്ചോറിൽ ചിന്തകളുടെ ഒരു ഇൻഫിനിറ്റി ട്രെയ്‌ൻ നിർത്താതെ ഓടിക്കൊണ്ടിരിക്കുകയാണെന്ന് ആ കണ്ണുകളിൽ നിന്ന് വ്യക്തം. എന്താണ് ആ ചിന്ത? മക്കൾ തന്നെ! വിവാഹിതയായ മൂത്തമകൾ കുടുംബത്തോടൊപ്പം ദുബായിലാണ്. അവളുടെ സാമീപ്യം അവർ ആഗ്രഹിക്കുന്നു. അകലത്തും അവൾ സുരക്ഷിതയല്ലേ എന്ന് ദിവസത്തിൽ കുറഞ്ഞത് ഏഴ് തവണയെങ്കിലും വിളിച്ചുറപ്പിക്കുന്നു. ഇളയമകൾ അനഘ അമ്മയ്‌ക്കൊപ്പമാണ്. അവളെ നല്ല ഒരു കുടുംബത്തിൽ, അതായത് തനിക്ക് പൂർണ വിശ്വാസമുള്ള ഒരു കുടുംബത്തിലേക്ക് കെട്ടിച്ച് അയയ്ക്കണമെന്നാണ് അവരുടെ ആഗ്രഹം. അവളുടെ പ്രണയവും തന്നിഷ്ടങ്ങളും ആ ആഗ്രഹത്തിന് തടസമാകുമോ എന്ന ഭയം അവർക്കുണ്ട്. അത് പലപ്പോഴും അമ്മയും മകളും തമ്മിലുള്ള കലഹത്തിലാണ് കലാശിക്കുന്നത്.
ആശയുടെ ഈ ലോകത്ത് മറ്റ് രണ്ട് പേർകൂടിയുണ്ട്. വിഭാര്യനായ അയൽവാസി സന്തോഷും മകളും. സന്തോഷിന് ആശയോട് ഒരു ഇഷ്ടമുണ്ട്. ആശയ്ക്ക് തിരിച്ചും. പക്ഷേ, ആശ അത് പ്രകടിപ്പിക്കുന്നില്ല. മക്കളെ സുരക്ഷിതമായി തന്റെ ചിറകിനുള്ളിലൊതുക്കാനുള്ള പാച്ചിലിൽ അത്തരം കാര്യങ്ങൾ അവർ ബോധപൂർവം മാറ്റിവയ്ക്കുകയാണ്.
ഒരു രാത്രി, ജീമോൻ എന്നൊരു വ്യക്തി അപ്രതീക്ഷിതമായി ആശയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. തുടർന്നങ്ങോട്ട് നടക്കുന്ന സംഭവങ്ങൾ അവരുടെ ചിന്തകളുടെ പാളം തെറ്റിക്കുന്നു. സിനിമ ഒരു ഡാർക്ക് ത്രില്ലറായി മാറുന്നു.
ആശയായുള്ള ഉർവശിയുടെ പകർന്നാട്ടം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ആശ തനിക്ക് അപ്രാപ്യയായി തോന്നി എന്ന് ഉർവശി പറഞ്ഞതിന്റെ പൊരുൾ കഥാഗതിയിൽ നമുക്ക് മനസിലാകും. പലതവണ നടി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇതിന് മുൻപ് ഇങ്ങനെയൊരു ഉർവശിയെ നമ്മൾ കണ്ടിട്ടില്ല. പുതിയ ഒരു മാനത്തിലേക്ക് നടിയെ എത്തിക്കുന്നുണ്ട് ആശ. പ്രായം ഒരു അഭിനേതാവിന്റെ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ കഥാപാത്രത്തിന്റെ സവിശേഷതകളായി മാറുകയാണ് ഈ സിനിമയിൽ. ഉർവശിയുടെ മുഖം, നടപ്പ്, ഡയലോഗ് ഡെലിവറി എല്ലാം ആശയുടേതായി മാറുന്ന നിമിഷം സിനിമയുടെ ഇന്റർവൽ പോയിന്റിലോ ക്ലൈമാക്സിലോ അല്ല. സംവിധായകൻ ആക്ഷൻ പറഞ്ഞ നിമിഷം നടി, ആശയായി മാറി എന്ന് വേണം കരുതാൻ. അവരുടെ സംസാരത്തിലും നടപ്പിലും വേഗത കാണാം. ഒരുതരം വെപ്രാളം. ആ വെപ്രാളമാണ് അവരെ എടുത്തുചാടിക്കുന്നത്. മുൻവിധികളിലേക്ക് കൊണ്ടിടുന്നത്. ആ വെപ്രാളത്തിന്റെ ഉറവിടമോ? അവരുടെ ഭൂതകാല ട്രോമകളും.
ജീമോൻ ആയി എത്തുന്ന ജോജു ജോർജുമായി ആശ നേർക്കുനേർ വരുന്ന സന്ദർഭങ്ങളിൽ എല്ലാം രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ നമുക്ക് കാണാം. ഭയം രണ്ടുപേരും വച്ചുമാറുന്നു. പേടിയില്ലെന്ന നാട്യവും. ഇവർ തമ്മിൽ ആദ്യം കാണുന്ന സീനിൽ തന്നെ അത് പ്രകടമാണ്. ജീമോന് മുന്നിൽ ആ അമ്മയും മകളും ചെറുതാകുന്നു. ഐശ്വര്യ അവതരിപ്പിച്ച അനഘയുടെ ബോഡി ലാംഗ്വേജിൽ ആ ചെറുതാകൽ വ്യക്തമാണ്. അയാളുടെ ആകാരം മകളെ ഭയപ്പെടുത്തുന്നെങ്കിലും ആശയത് കൂസുന്നില്ല. അവർ മകൾക്ക് മുന്നിലേക്ക് കയറി നിൽക്കുന്നു. ജീമോനിൽ ആശ കാണുന്നത് താൻ മനസിൽ സങ്കൽപ്പിച്ചിരുന്ന പ്രതിയോഗിയെയാണ്. തന്റെ മക്കളെ റാഞ്ചി പറക്കാൻ എത്തിയ പരുന്തിനെയാണ്.
ഈ സിനിമയെ ആഴമേറിയ സിനിമാനുഭവമാക്കുന്നത് മൂന്ന് ആളുകളുടെ അദൃശ്യ സാന്നിധ്യമാണ്. അവര് ഉണ്ട്, അവരുടെ വർക്കും അവിടെയുണ്ട്. "ഞങ്ങളാണേ ഇത് ചെയ്തത്" എന്ന് ഇടയ്ക്കിടയ്ക്ക് മര്യാദയില്ലാതെ പറയുന്നില്ലെന്ന് മാത്രം. മധു നീലകണ്ഠനും ഷാൻ മുഹമ്മദും ഗോവിന്ദ് വസന്തയും. മധു നീലകണ്ഠന്റെ ഫ്രെയിമുകൾ ആശയുടെ ചലനങ്ങളെ തടഞ്ഞുവയ്ക്കുന്നില്ല. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ കൃത്യമായി ഒപ്പുകയാണ് ആ ക്യാമറ. ആ ഫ്രെയിമുകളേയും അഭിനേതാക്കളുടെ പ്രകടനങ്ങളേയും മറുവേൽപ്പിക്കാതെയാണ് ഷാൻ മുഹമ്മദ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഡ്രാമയിൽ നിന്ന് ത്രില്ലറിലേക്ക് മാറുമ്പോഴും വേഗതയല്ല ഇവിടെ വേണ്ടതെന്ന കൃത്യമായി തിരിച്ചറിവ് എഡിറ്റിൽ കാണാം. പശ്ചാത്തല സംഗീതത്തിലേക്ക് വരുമ്പോൾ ഒരു A24 സിനിമയാണ് കാണുന്നതെന്ന് നമുക്ക് തോന്നിപോകും. 'ആശ'യുടെ പശ്ചാത്തലത്തിൽ സംഗീതമല്ല, അവരുടെ ഉള്ളൊഴുക്കാണ് ഗോവിന്ദ് ചേർത്തിരിക്കുന്നത്. ഇവയെല്ലാം കയ്യൊതുക്കത്തോടെ സിനിമയിലേക്ക് സമന്വയിപ്പിച്ച സംവിധായകൻ സഫർ കയ്യടി അർഹിക്കുന്നു.
ആശ നമുക്ക് അപരിചിതയായി തോന്നിയേക്കാം. "ഇങ്ങനെയുമുണ്ടോ സ്ത്രീകൾ" എന്ന് നമ്മൾ അത്ഭുതപ്പെട്ടേക്കാം. പക്ഷേ, എത്ര തവണ നമ്മൾ ഇങ്ങനെ അത്ഭുതപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ബിഗ് സ്ക്രീനിലല്ല, ജീവിതത്തിൽ! നമുക്കുള്ളിലെ ആ അതിശയത്തോട് ഒരു ചോദ്യം കൂടി ചേർത്തുവയ്ക്കുകയാണ് സഫർ സനൽ. "ഇവർ എന്താണ് ഇങ്ങനെ?" ഉത്തരം സങ്കീർണമാണ്. ആശയുടെ മനസുപോലെ...