കൊച്ചി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ദാനച്ചടങ്ങില്‍ അമ്മ മികച്ച സഹനടിക്കുള്ള അവാർഡ് ഏറ്റുവാങ്ങിയതില്‍ സന്തോഷം പങ്കുവച്ച് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. തന്റെ രണ്ടാമത്തെ ദേശീയ അവാർഡ് രാഷ്ട്രപതിയില്‍ നിന്ന് ഉർവശി ഏറ്റുവാങ്ങുമ്പോള്‍ സാക്ഷിയാകാന്‍ കുഞ്ഞാറ്റയും സദസിലുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്ന് എന്നാണ് തേജലക്ഷ്മി സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഒപ്പം അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു.
"എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്. അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് കാണാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ആ വേദിക്ക് സാക്ഷിയാകാന്‍, അവിടെ ഉണ്ടായിരിക്കാന്‍, എല്ലാറ്റിനുമുപരി, മലയാള സിനിമയെ പ്രതിനിധീകരിച്ച് നമ്മുടെ ലാലേട്ടന്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ഏറ്റുവാങ്ങുന്നത് കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. നമുക്കെല്ലാം അഭിമാനകരമായ നിമിഷം," തേജലക്ഷ്മി കുറിച്ചു.
മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ഉള്ളൊഴുക്കി'ലെ പ്രകടനത്തിനാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായത്. സത്യന്‍ അന്തിക്കാട് ചിത്രം 'അച്ചുവിന്റെ അമ്മ'യിലെ അഭിനയത്തിനാണ് ഇതിനു മുന്‍പ് നടിക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഉർവശിക്ക് പുറമേ 'പൂക്കാലം' സിനിമയിലെ പ്രകടനത്തിന് വിജയരാഘവന്‍ മികച്ച നടനുള്ള പുരസ്കാരവും ഏറ്റുവാങ്ങി. അഞ്ച് ദേശീയ ചലച്ചത്ര അവാർഡുകളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
അതേസമയം, അഭിനയരംഗത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഉർവശിയുടേയും മനോജ് കെ ജയന്‍റെയും മകളായ തേജലക്ഷ്മി. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലാണ് തേജ നായികയാകുന്നത്. സർജാനോ ഖാലിദ് ആണ് ഈ ചിത്രത്തിലെ നായകന്‍. ഇക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.