ഉഷ ഹസീന Source : News Malayalam 24x7
MOVIES

"ശ്വേത മേനോനോട് രണ്ട് കാര്യങ്ങളില്‍ യോജിപ്പില്ല"; അമ്മ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഉഷ ഹസീന

വിവാദമുണ്ടാക്കുന്നവര്‍ സംഘടനയെ നാണം കെടുത്തുകയാണെന്നും ഉഷ ഹസീന പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ 'അമ്മ' തെരഞ്ഞെടുപ്പ് വിവാദങ്ങളില്‍ പ്രതികരിച്ച് നടി ഉഷ ഹസീന. വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും ഉഷ ഹസീന പറഞ്ഞു. അതോടൊപ്പം തന്നെ ബാബുരാജ് മത്സരിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും നടി വ്യക്തമാക്കി. കൂടാതെ ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരുടെ മുന്‍ പരാമര്‍ശങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

"വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. തെരഞ്ഞെടുപ്പിന് സ്ത്രീകള്‍ മുന്നോട്ട് വരണം. സംഘടന സ്ത്രീകള്‍ നയിക്കണം. പക്ഷെ മത്സരിക്കുന്ന സ്ത്രീകള്‍ സംഘടനയെ നയിക്കാന്‍ യോഗ്യതയുള്ളവരായിരിക്കണം", താരം വ്യക്തമാക്കി.

"ശ്വേത മേനോനോട് എനിക്ക് വ്യക്തിപരമായി പ്രശ്‌നമില്ല. പക്ഷെ അവര്‍ പറഞ്ഞ രണ്ട് കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും ഇടവേള ബാബു ആ കസേരയില്‍ ഇരുന്നാലേ സംഘടന മുന്നോട്ടുപോകു എന്നും ശ്വേത പറഞ്ഞിരുന്നു", എന്നും ഉഷ പറഞ്ഞു.

അതോടൊപ്പം കുക്കു പരമേശ്വരനെയും ഉഷ ഹസീന വിമര്‍ശിച്ചു. കുക്കു പരമേശ്വരന്‍ സ്ത്രീകള്‍ക്ക് വേണ്ടി നാളിതുവരെ സംസാരിച്ചിട്ടില്ല. 'അമ്മ'യിലെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ല്യുസിസി കരയേണ്ട എന്നും കുക്കു പറഞ്ഞിട്ടുണ്ടെന്നും ഉഷ വ്യക്തമാക്കി.

ബാബുരാജ് ആരോപണവിധേയനായതിനാല്‍ മത്സരിക്കരുതെന്ന അഭിപ്രായത്തോടും ഉഷ പ്രതികരിച്ചു. ബാബുരാജ് മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തിന് എതിരെയുള്ളവര്‍ വോട്ട് ചെയ്യാതിരുന്നാല്‍ പോരെയെന്നും ഉഷ പറഞ്ഞു. കൂടാതെ മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവസാനമായി വിവാദമുണ്ടാക്കുന്നവര്‍ സംഘടനയെ നാണം കെടുത്തുകയാണെന്നും സംഘടനയുടെ സ്വപ്ന പദ്ധതികള്‍ നടപ്പിലാകണമെങ്കില്‍ നല്ല ഭരണസമിതി വേണമെന്നും ഉഷ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT