കൊച്ചി: തിയേറ്ററുകളിൽ വമ്പൻ കളക്ഷനുമായി ആധിപത്യം തുടരുകയാണ് 'വാഴ 2'. സവിൻ സാ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയി ഏഴാം നാളാണ് നൂറ് കോടി ക്ലബിൽ ഇടംപിടിച്ചത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രങ്ങളുടെ നിരയിൽ മൂന്നാം സ്ഥാനത്താണ് 'വാഴ 2'. അധികം വൈകാതെ 150 കോടി രൂപ കളക്ഷനും ചിത്രം സ്വന്തമാക്കി. മലയാളത്തിൽ നിന്ന് 150 കോടി ക്ലബ്ബിലെത്തുന്ന ഒൻപതാമത്തെ ചിത്രമാണിത്. ഇപ്പോഴിതാ, 'വാഴ' ഫ്രാഞ്ചൈസിയുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നിർമാണ പങ്കാളിയുമായ വിപിൻ ദാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
'വാഴ'യുടെ മൂന്നാംഭാഗം വരുന്നുവെന്ന് സൂചനയാണ് വിപിൻ ദാസ് നൽകിയിരിക്കുന്നത്. 'വാഴ വളരുന്നു' എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. 'നാളെ കാണാം' എന്നും വിപിൻ കുറിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും എന്ന സൂചനയാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
സോഷ്യൽ മീഡിയ റീലുകളിലൂടെ പ്രശസ്തരായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് 'വാഴ 2'വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്കൊപ്പം ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ.