

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന 'വാഴ 2' എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വെറും ഏഴ് ദിവസം കൊണ്ടാണ് പുതുമുഖങ്ങൾ അണിനിരന്ന ഈ ചിത്രം നൂറ് കോടി ക്ലബിൽ കടന്നത്.
സവിൻ സാ- ശ്രീ ഗോകുലം മൂവീസ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും എന്നാണ് സൂചന. ജയസൂര്യ നായകനായ 'കത്തനാർ', എസ്.ജെ. സൂര്യ ഒരുക്കുന്ന 'കില്ലർ', സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പൻ', മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രമായ 'L367' എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
അതേസമയം, സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2' ഗംഭീര കളക്ഷനുമായി പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈകാരികമായ രംഗങ്ങളിൽ ഇവരുടെ അഭിനയം മികച്ചു നിന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. ഇവർക്കൊപ്പം ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
സംവിധായകൻ വിപിൻ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ.