വിദ്യ ബാലന്‍ 
MOVIES

'ഷാഹിദ് ചെറുപ്പമാണ്, നിങ്ങൾ ശരീരഭാരം കുറയ്‌ക്കേണ്ടിവരും': ബോളിവുഡില്‍ നിന്ന് പലതവണ ബോഡി ഷെയിമിങ്ങ് നേരിട്ടിട്ടുണ്ട്; വെളിപ്പെടുത്തി വിദ്യാ ബാലന്‍

ഫിലിംഫെയറിന് കൊടുത്ത അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

Author : ന്യൂസ് ഡെസ്ക്

വ്യത്യസ്ത വേഷങ്ങളിലൂടെ ബോളിവുഡില്‍ തന്‍റേതായ സ്ഥാനമുറപ്പിച്ച നടിയാണ് വിദ്യ ബാലന്‍. ഒരു റോളിന്‍റെ പൂര്‍ണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന വിദ്യ പകുതി മലയാളികൂടിയാണ്. വിദ്യ ബാലന്‍ അവരുടെ കരിയർ തുടങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. സഞ്ജയ് ദത്ത്, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പരിണീത' ആയിരുന്നു ആദ്യ ചിത്രം.

സിനിമയിൽ സ്വപ്നതുല്യമായ തുടക്കമാണ് തനിക്ക് ലഭിച്ചതെന്നാണ് വിദ്യ ബാലന്‍ പറഞ്ഞിട്ടുള്ളത്. താനൊരു സിനിമ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് വന്നതെന്നും, അത്തരത്തിലൊരാള്‍ക്ക് സിനിമയിൽ ഇത്തരത്തിലൊരു തുടക്കം കിട്ടുക എന്നത് ഭാഗ്യമാണെന്നും വിദ്യ ബാലൻ പറഞ്ഞിരുന്നു.

ആദ്യ സിനിമയ്ക്ക് തന്നെ വിദ്യ ബാലന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. വിജയമെപ്പോഴും ഇവരെ അനുഗമിച്ചു. പ്രശസ്തിയോടൊപ്പം തന്നെ സിനിമയിലെ സമ്മർദ്ദവും കൂടാന്‍ തുടങ്ങി. പല പ്രമുഖരുടെയും പ്രശംസ ലഭിച്ചുവെങ്കിലും ബോഡി ഷെയ്മിങ്ങും വിദ്യ ബാലന് നേരിടേണ്ടി വന്നു.

"കിസ്മത്ത് കണക്ഷന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് മുമ്പ് തന്നോട് ആരോ പറഞ്ഞു, 'ഷാഹിദ് ചെറുപ്പമാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കേണ്ടിവരും' എന്ന്. ഈ സ്റ്റീരിയോടൈപ്പിംഗ് വർഷങ്ങളോളം എന്നെ പിന്തുടർന്നിരുന്നു. 2019 വരെ എല്ലാ സിനിമകളിലും 'നിങ്ങൾക്ക് കുറച്ച് ഭാരം കുറയ്ക്കാമോ?' എന്ന ചോദ്യം നേരിടേണ്ടി വന്നെന്നും വിദ്യ വെളിപ്പെടുത്തി. ഫിലിംഫെയറിന് കൊടുത്ത അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഇതെല്ലാം എന്നെ മാനസികമായും ശാരീരികമായും ബാധിച്ചു. പിന്നീട് കൂടുതൽ സമയം കഠിനമായ വ്യായാമവും, കുറിച്ച് ഭക്ഷണവും മാത്രം കഴിച്ചു. അത് പിന്നീട് കഠിനമായ ശരീര വേദനയ്ക്കും നീരിനും കാരണമായി. പിന്നീട് അത് ഹോർമോണ്‍ പ്രശ്നമായി മാറിയെന്നും നടി പറഞ്ഞു.

എന്നാൽ ഇതിലൊന്നും വിദ്യ ബാലന്‍ തളർന്നില്ല. ഇന്ന് ഇങ്ങനെയുള്ള സ്റ്റീരിയോടൈപ്പിക്കൽ പരാമർശവുമായി വരുന്നവരോട് വിദ്യ ബാലന്‍ പറയുന്നത് ഇങ്ങനെയാണ്, "നിങ്ങള്‍ പ്രത്യേക ശരീരഘടനയുള്ള വ്യക്തിയെ വേണമെങ്കിൽ അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുക. അതല്ല എന്നെയാണ് കാസ്റ്റ് ചെയ്യുന്നതെങ്കിൽ എന്നെ ഞാനായി തന്നെ അംഗീകരിക്കുക".

SCROLL FOR NEXT