Source: ANI
MOVIES

വേൾഡ് വൈഡ് ഹിറ്റ്! 300 കോടി കടന്ന് വിജയ്‌യുടെ 'ജന നായകൻ'

കേരളത്തിലും ചരിത്രവിജയം കുറിച്ചാണ് വിജയ് ചിത്രം മുന്നേറുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ആഗോള തലത്തിൽ ഗംഭീര കളക്ഷനുമായി വിജയ് ചിത്രം 'ജന നായകൻ'. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 12ാം ദിനമാണ് ഈ നേട്ടം.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, സിനിമയുടെ ഇന്ത്യൻ ഗ്രോസ് 209.35 കോടി രൂപയാണ്. ഇന്ത്യൻ നെറ്റ് കളക്ഷൻ 179.45 കോടിയും. 12 ദിവസങ്ങൾ കൊണ്ട് വിദേശത്ത് നിന്ന് 92 കോടി നേടിയാണ് ചിത്രം നേടിയത്. ഇതോടെ സിനിമയുടെ ആഗോള ഗ്രോസ് 301.35 കോടിയായി.

കേരളത്തിലും ചരിത്രവിജയം കുറിച്ചാണ് ചിത്രം മുന്നേറുന്നത്. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജന നായകൻ' മാറി കഴിഞ്ഞു. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നിവയുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് വിജയ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്.

തങ്ങളുടെ പ്രിയപ്പെട്ട താരമായ വിജയ്‌യെ അവസാനമായി ബിഗ് സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ആരാധകർ തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മാസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ലീക്കായ ശേഷവും ചിത്രത്തിന് ലഭിക്കുന്ന ഗംഭീര കളക്ഷൻ വിജയ്‌ എന്ന നടന്റെ ജനപ്രീതി അടിവരയിടുന്നതാണ്. 'തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡ് സ്ക്രീനിൽ പ്രത്യക്ഷമാകുന്ന നിമിഷം മുതൽ കയ്യടികളോടെ 'ജന നായകൻ' ആഘോഷമാക്കുകയാണ് ആരാധകർ.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകനി'ൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'ജന നായകന്റെ' അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം - സത്യൻ സൂര്യൻ, ആക്ഷൻ - അനിൽ അരശ്, ആർട്ട് - വി. സെൽവ കുമാർ, കൊറിയോഗ്രാഫി - ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ - വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ.

SCROLL FOR NEXT