ചെന്നൈ: വിജയ് സേതുപതി കേന്ദ്രകഥാപാത്രമായി എത്തുന്ന മിഷ്‌കിൻ ചിത്രം 'ട്രെയ്‌ൻ' ടീസർ പുറത്ത്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ട്രെയ്‌ൻ'. ആറ് വർഷത്തിന് ശേഷം എത്തുന്ന മിഷ്‌കൻ ചിത്രത്തിന്റെ ടീസർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചടുലവും തീവ്രവുമായ ടീസർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുഖ്യധാര സിനിമകളുടെ ചട്ടക്കൂടിൽ പെടാത്ത മിഷ്‌കിൻ ശൈലിയിലുള്ള ചിത്രത്തിന്റെ 43 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
വിജയ് സേതുപതിക്ക് പുറമേ നാസർ, ശ്രുതി ഹാസൻ, യുഗി സേതു, നരേൻ, കെ. എസ്. രവികുമാർ, സമ്പത്ത് രാജ്, കലയരശൻ, ഇറ ദയാനന്ദ്, അജയ് രത്നം, വിൻസെന്റ് അശോകൻ, ബാബ്ലു പൃഥ്വിരാജ്, ത്രിഗുൺ അരുൺ, ഗണേഷ് വെങ്കട്ടരാമൻ, പ്രീതി കരൺ, സിങ്കമ്പുലി, സുരേഷ് ചന്ദ്ര മേനോൻ, ഷാജി, സെൽവ ചന്ദ്രശേഖർ, ജി. ആർ. ആദിത്യ, രോഹൻ, കനിഹ, ജനനി, ദിയ ശർമ്മ, കോമകൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ്: ശ്രീ വാട്സൺ, ഛായാഗ്രഹണം: ഫൗസിയ ഫാത്തിമ. സിനിമയുടെ തിരക്കഥയും സംഗീതം ഒരുക്കിയിരിക്കുന്നത് മിഷ്‌കിൻ ആണ്.
2020ൽ പുറത്തിറങ്ങിയ 'സൈക്കോ' ആണ് ഒടുവിൽ പുറത്തിറങ്ങിയ മിഷ്‌കിൻ ചിത്രം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന അവകാശവാദവുമായാണ് ഈ ചിത്രം എത്തിയത്. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതായിരുന്നു സംഗീതം.