യേശുദാസിനെയും അടൂര്‍ ഗോപാലകൃഷ്ണനെയും വിമര്‍ശിച്ച് നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസം ഇരുവര്‍ക്കും എതിരെ ഫേസ്ബുക്കില്‍ വിനായകന്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റില്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് വിനായകന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്നാണ് വിനായകന്‍ കുറിച്ചത്.
"ശരീരത്തില്‍ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍? വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ?ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ? ചാലയിലെ തൊഴിലാളികള്‍ തിയറ്ററിലെ വാതില്‍ പൊളിച്ച് സെക്‌സ് കാണാന്‍ ചലച്ചിത്ര മേളയില്‍ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയതെന്നും അടൂര്‍ പറഞ്ഞത് അസഭ്യമല്ലേ? ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമ എടുക്കാന്‍ ഒന്നര കോടി രൂപ കൊടുത്താല്‍ അതില്‍ നിന്നു കട്ടെടുക്കും എന്ന് അടൂര്‍ പറഞ്ഞാല്‍ അസഭ്യമല്ലേ? സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും", എന്നാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. യേശുദാസ് ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് നടത്തിയ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെന്നും ദളിത് ഫണ്ടില്‍ നിന്ന് കാശ് മുക്കുന്നുണ്ടെന്ന് പറയുമ്പോള്‍ അത് അസഭ്യമാകുന്നത് എങ്ങനെയാണെന്നും പലരും ചോദിക്കുന്നുണ്ട്.
സിനിമാ കോണ്‍ക്ലേവില്‍ സ്ത്രീകള്‍ക്കും ദളിത് സമൂഹത്തിനും എതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് വിനായകന്റെ വിമര്‍ശനം. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമുള്ള പദ്ധതി പ്രകാരം സിനിമ നിര്‍മാണത്തിന് ഫണ്ട് നല്‍കും മുമ്പ് പരിശീലനം അനിവാര്യമാണെന്നാണ് അടൂര്‍ പറഞ്ഞത്. കേരളമൊട്ടാകെ ഈ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ചെങ്കിലും അടൂര്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്.