ഒരു ത്രില്ലർ ഈ വിധമേ എടുക്കാൻ പാടുള്ളൂ എന്ന് വ്യവസ്ഥാപിതമായ നിയമങ്ങൾ ഒന്നുമില്ല. സ്ക്രീനിൽ അതൊരു ത്രില്ലർ ആയിരിക്കണം എന്നേയുള്ളൂ. വിനീത് ശ്രീനിവാസൻ 'കരം' എടുക്കുമ്പോഴും അതിന് മാറ്റമില്ല. അതുകൊണ്ട് ത്രില്ലർ എന്ന ഴോണറിന് പകരം, സുരക്ഷിതമായി നമുക്ക് ഈ സിനിമയെ ഒരു ഇമോഷണൽ ആക്ഷൻ പടം എന്ന് വിളിക്കാം.
'തിര' സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്റെ പടം എന്ന രീതിയിലാണ് ഈ സിനിമയെ അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. 'കരം' തുടങ്ങുന്നതും 'തീരാതെ നീളുന്നിതാ' എന്ന് പറഞ്ഞുകൊണ്ടാണ്. പിന്നീട് അങ്ങോട്ട് നമ്മൾ കാണുന്നത് റൊമാന്റിക് സിനിമകളിൽ വിനീത് എന്ന സംവിധായകന് വന്ന മാറ്റത്തിന്റെ ത്രില്ലർ എഡിഷനാണ്. തിരയിൽ നായകനെ, നായികയെ നയിക്കുന്ന വികാരങ്ങളുടെ മൂപ്പെത്തിയ വേർഷനാണ് കരത്തിലുള്ളത്. 'തട്ടത്തിന്‍ മറയത്ത്' 'ഹൃദയ'ത്തില്‍ എത്തിനില്‍ക്കുന്നത് പോലെ. തിരയുടെ വേഗത അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും കഥ ആ വഴി തന്നെയാണ് പിന്തുടരുന്നത്. കഥ നടക്കുന്ന സ്ഥലവും കാലവും സിനിമ കാണുന്ന നമ്മളും മാറിയെന്നു മാത്രം!
തിരക്കഥാകൃത്ത് കൂടിയായ നോബിൾ ബാബു തോമസ് അവതരിപ്പിച്ച ദേവ് മഹേന്ദ്രൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ദേവിന് അമ്മ, 'ദൈവത്തിന്റെ കരം' എന്ന അർഥം വരുന്ന ചിഹ്നമുള്ള ഒരു മാല നൽകിയിട്ടുണ്ട്. ഒപ്പം ഒരു ഉപദേശവും - ഈ ലോകത്ത് ചില സമയത്ത് ഒരു വിഡ്ഢിയായി അഭിനയിക്കുന്നത് മണ്ടത്തരമല്ല. ഈ മാല പൊന്നുപോലെ കൊണ്ടുനടക്കുന്നുണ്ടെങ്കിലും ദേവിന് അമ്മ പറഞ്ഞ പോലെ ഒരു വിഡ്ഢിയായി നിന്നുകൊടുക്കാൻ പറ്റുന്നില്ല. അയാൾക്ക് ചുറ്റുമുള്ളവരെ അപകടം നിഴൽപോലെ പിന്തുടരുന്നു. അങ്ങ് ലെനാർക്കോ വരെ. അവരെ രക്ഷിക്കാനായി അയാൾ ഒന്നുംനോക്കാതെ കരങ്ങൾ നീട്ടുന്നു. ഒരു ജോൺ വിക്ക് ആകേണ്ട ആളാണ് ദേവ്. പക്ഷേ ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്താകണം അയാളെ എഴുത്തുകാരനും സംവിധായകനും കുടുംബ ബന്ധങ്ങളിൽ കുരുക്കിയിടുന്നു. മലയാളി നായകന്മാർ നേരിടുന്ന 'അപ്പൻ പ്രോബ്ലം' എടുത്ത് തലയിൽ വച്ചുകൊടുക്കുന്നു.
ആക്ഷനേക്കാൾ ഇമോഷനാണ് ഈ സിനിമയെ നയിക്കുന്നത്. അത് ഏറ്റോ എന്ന് നമ്മൾ സംശയിക്കുന്നിടത്ത്, കൃത്യമായി, നമ്മൾ ഇമോഷണൽ ആണെന്ന് സിനിമ ഓർമിപ്പിക്കുന്നു.ആ ഓർമപ്പെടുത്തലിനാണ് 'ആന്ദ്രേ നിക്കോളാ' എന്ന വില്ലൻ. മലയാളികളെ അടുത്തറിഞ്ഞ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് ആണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നമ്മൾ ഇമോഷണൽ ആണെന്ന് ഇവാൻ ആശാൻ പറഞ്ഞാൽ നമുക്ക് തള്ളിക്കളയാൻ പറ്റില്ലല്ലോ. തിരക്കഥയിൽ ഈ കഥാപാത്രത്തെ എങ്ങനെയാണോ എഴുതിയിരിക്കുന്നത് അതിനോട് ആശാൻ നീതി പുലർത്തി എന്ന് തന്നെ പറയണം. കയ്യടി കിട്ടേണ്ട ഒന്നുരണ്ട് രംഗങ്ങളും അദ്ദേഹത്തിനുണ്ട്. പക്ഷേ ആ തീവ്രത നിലനിർത്താൻ സാധിക്കുന്നില്ല എന്നതാണ് സിനിമയുടെ പോരായ്മ. 'കൊടൂര വില്ലനാടാ ഞാൻ' എന്ന് ആശാൻ തെളിയിച്ച് നിൽക്കുമ്പോഴാകും പന്ത് മറ്റൊരു വഴി പോകുന്നത്. കാണികളുടെ ശ്രദ്ധയും.
ഴോണറിൽ നിൽക്കാതെ ചെറിയ ചില തമാശകൾക്കും വിനീത് ശ്രമിക്കുന്നുണ്ട്. അത് വേണ്ടിയിരുന്നില്ല. കാരണം ത്രില്ല‍് ഒരു ഇമോഷനാണല്ലോ. നമ്മൾ ഇമോഷണലും. അതിൽ നിന്ന് വ്യതിചലിപ്പിക്കുന്നവ ആയിരുന്നു പല 'ഓള്‍ഡ് മലയാളം' കോമഡികളും.
ഈ ഴോണറിൽ വരുന്ന ഒരു സിനിമ നിവർന്ന് നിൽക്കുന്നത് നല്ല ആക്ഷൻ സെറ്റ് പീസുകളിലൂടെയാണ്. കേന്ദ്ര കഥാപാത്രം ചെന്ന് കയറുന്നിടം തിരിച്ചിറങ്ങാൻ ഒറ്റ വഴി മാത്രമുള്ള ഒരു രാവണന്‍കോട്ടയായിരിക്കണം. അത്തരത്തിൽ ഒന്നില്ലാത്തത് ദേവിന്റെ മുന്നോട്ടുപോക്കും 'കരം കൊടുപ്പും' ലളിതമാക്കി. ത്രില്ലില്ലാതാക്കി.
വിനീത് പടങ്ങളിൽ ഒരു അൻപത് പാട്ടുണ്ടെങ്കിലും അത് വന്നുപോകുന്നത് നമ്മൾ അറിയില്ല. അത്രകണ്ട് അവ കഥാഗതിയുമായി ചേർന്നിരിക്കും. ഷാൻ റഹ്മാനൊപ്പം വനീത് വീണ്ടും ഒരുമിക്കുന്ന ഈ ചിത്രത്തിൽ അങ്ങനെ അധികം പാട്ടുകളില്ല. പശ്ചാത്തല സംഗീതത്തിനാണ് ഈ സിനിമയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ അവ സന്ദർഭങ്ങളെ ഉയർത്തുന്നില്ല.
സിനിമാട്ടോഗ്രാഫർ ജോമോൻ ടി ജോണ്‍ ഫ്രെയിമുകളിൽ ഒരു ഡാർക്ക് മൂഡ് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഒറ്റ പാട്ടിൽ ലെനാർക്കോ എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കാണിച്ച ശേഷം പതിയെ അതിന്റെ ഇരുണ്ട ഗലികളിലേക്ക് ക്യാമറ നീളുന്നു. രഞ്ജൻ എബ്രഹാം പതിവ് പോലെ ഷോട്ടുകളെ ഇഴപൊട്ടാതെ തുന്നിച്ചേർത്തു.
വിനീതിന്റെ ഈ ശ്രമം നല്ലതാണ്. ത്രില്ലറിന് യോജിച്ച സീനുകൾ തിരക്കഥയിൽ കുറയുമ്പോൾ ഒരു സംവിധായകന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി വിനീത് പ്രേക്ഷകർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. നാടകീയമായ സംഭാഷണങ്ങള്‍ ലളിതമാക്കി പകുതിപാകമാക്കി നിർത്താതെ സ്വാഭാവികത കൊണ്ടുവരാന്‍ സാധിക്കുന്ന ഒഴിവാക്കി സംഭാഷണങ്ങൾ എഴുതാൻ സാധിക്കുന്ന ഒരു തിരക്കഥാകൃത്തിന്റെ കരം പിടിക്കുക മാത്രമാണ് വിനീത് ചെയ്യേണ്ടത്.