കരം ഫസ്റ്റ് ലുക്ക് Source : Facebook
MOVIES

വിനീതിന്റെ ത്രില്ലര്‍; 'കരം' ഫസ്റ്റ് ലുക്ക് എത്തി

വിനീതിന്റെ ആദ്യ സിനിമയായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ' 15-ാം വാര്‍ഷിക ദിനത്തിലാണ് 'കരത്തിന്റെ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നോബിള്‍ ബാബു നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് 'കരം' എന്നാണ്. ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററിലെത്തും.

നേരത്തെ വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവരുമെന്ന വിവരം പങ്കുവെച്ചിരുന്നു. വിനീതിന്റെ ആദ്യ സിനിമയായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ' 15-ാം വാര്‍ഷിക ദിനത്തിലാണ് 'കരത്തിന്റെ' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഒരു ത്രില്ലറാണെന്നും ചെന്നൈയുമായി ഒരു ബന്ധവുമില്ലെന്നും വിനീത് അറിയിച്ചിരുന്നു. മെറിലാന്‍ഡിനൊപ്പം വിനീതിന്റെ ഹാബിറ്റ് ഓഫ് ലൈഫും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷമെടുത്താണ് ലൊക്കേഷന്‍ കണ്ടെത്തി പ്രി പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തില്‍ (കൊച്ചി) നടക്കുകയുണ്ടായത്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. 'തട്ടത്തിന്‍ മറയത്ത്', 'തിര', 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' നിര്‍മിച്ച നോബിള്‍ ബാബു ഹെലന്റെ രചയിതാക്കളില്‍ ഒരാളായിരുന്നു. ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

SCROLL FOR NEXT