
ഫ്രെഞ്ച് പദം 'ഫെം ഫെയ്റ്റാലിന്റെ' അര്‍ത്ഥം 'ഡെഡ്‌ലി വുമണ്‍' എന്നാണ്. സൗന്ദര്യവും ലൈംഗികതയും കൊണ്ട് പുരുഷന്മാരെ വശീകരിക്കുകയും പിന്നീട് അവര്‍ക്ക് മുകളില്‍ അധികാരം സ്ഥാപിച്ച് അസ്വസ്ഥരാക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് സിനിമയിലും നോവലുകളിലുമെല്ലാം ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. അത്തരം കഥാപാത്രങ്ങള്‍ക്ക് മിക്കപ്പോഴും ഒരു നിഗൂഢതയും ഉണ്ടാകും. ചുരുക്കിപറഞ്ഞാല്‍ ധാര്‍മികതയില്ലാത്ത ദുഷ്ടരായ സ്ത്രീകള്‍...
ഈ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പുരുഷന്മാര്‍ക്ക് മേല്‍ അസാമാന്യമായ അധികാരം ഉണ്ടാകും. പുരുഷന്മാരെ കൗശലം കൊണ്ട് അവരുടെ പരിധിയിലാക്കാനുള്ള കഴിവും. സ്വന്തം ലാഭത്തിന് വേണ്ടിയാണ് ഇത്തരം സ്ത്രീ കഥാപാത്രങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. അത് കൂടുതലും അധികാരവും പണവുമായി ബന്ധപ്പെട്ടിരിക്കും. സിനിമകളില്‍ മിക്കപ്പോഴും ഫെം ഫെയ്റ്റാല്‍ കഥാപാത്രങ്ങളെ വില്ലനൈസ് ചെയ്യാറാണ് പതിവ്. ബോളിവുഡില്‍ ഈ വിഭാഗത്തില്‍ പെടുന്ന കഥാപാത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു കഥാപാത്രമാണ് വസന്‍ ബാലയുടെ മോണിക ഓ മൈ ഡാര്‍ളിംഗിലെ ഹുമ ഖുറേഷി അവതരിപ്പിച്ച മോണിക്ക. വസന്‍ ബാല ഹുമ ഖുറേഷിയെ അവതരിപ്പിച്ചിരിക്കുന്ന വിധവും അത്തരത്തില്‍ തന്നെയാണ്. സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യുന്ന സ്ത്രീ! എന്നാല്‍ മോണിക്ക ശരിക്കും വില്ലനാണോ?
പൂനെയിലെ യൂണികോണ്‍ എന്ന കമ്പനിയുടെ സിഇഓ സത്യനാരായണ്‍ അധികാരിയുടെ സെക്രട്ടറിയാണ് മോണിക്ക. അവള്‍ക്ക് ചുറ്റുമുള്ളതോ രാജ്കുമാര്‍ റാവു ചെയ്ത ജയന്തിനെ പോലെയുള്ള അധികാരത്തിനും പണത്തിനും പുറകെ പോകുന്ന പുരുഷന്മാരും. കമ്പനിയില്‍ ഡയറക്ടറായി ജയന്തിന് പ്രമോഷന്‍ ലഭിക്കുന്നു. അതിന് പുറമെ അയാള്‍ സിഇഓയുടെ മകളെ വിവാഹം കഴിക്കാന്‍ പോവുകയാണ്. ജയന്ത് അയാള്‍ നിശ്ചയിച്ച പാതയിലാണ്. പക്ഷെ മോണിക്കയുമായി ജയന്തിന് ഒരു അഫയറ് കൂടെയുണ്ട്.
ജീവിതത്തില്‍ തന്റെ വിജയത്തില്‍ സന്തോഷിച്ചിരിക്കുന്ന ജയന്തിനോട് ഒരു ദിവസം മോണിക്ക അവള്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിന്റെ അച്ഛന്‍ ജയന്താണെന്നും പറയുന്നു. മോണിക്ക ജയന്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് സാമ്പത്തിക സഹായമാണ്. അല്ലാതെ വിവാഹം കഴിച്ച് ജീവിക്കണമെന്നൊന്നും അവര്‍ക്കില്ല. പക്ഷെ പണം വേണം. അതിന് വേണ്ടിയാണ് അവള്‍ ജയന്തിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നത്.
സിനിമ മുന്നോട്ട് പോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാകും മോണിക്ക ജയന്തിനെ മാത്രമല്ല കമ്പനിയിലെ മറ്റ് രണ്ട് പുരുഷന്മാരെയും ഇതേ കാര്യം പറഞ്ഞ് ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന്.
കമ്പനിയില്‍ അധികാരത്തിലിരിക്കുന്ന മൂന്ന് പുരുഷന്മാരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ അവള്‍ക്ക് ഒരു ഭയവുമില്ല. ഈ പുരുഷന്മാര്‍ക്കിടയിലും അവളുടെ സ്വത്വത്തെ കുറിച്ച് മോണിക്ക പൂര്‍ണമായും ബോധവതിയാണ്. യഥാര്‍ത്ഥത്തില്‍ മോണിക്ക സൂത്രശാലിയാണ്. തന്നോട് ഇടപെട്ട പുരുഷന്മാരുടെ ഇരട്ടത്താപ്പ് മനസിലാക്കി അവരെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു അവള്‍.
സ്വന്തം പ്രവര്‍ത്തിയില്‍ മോണിക്കയ്ക്ക് കുറ്റബോധമോ നാണക്കേടോ തോന്നുന്നില്ല. അത് ചിലപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കാം. അവള്‍ ഡെയിഞ്ചറസ് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രേക്ഷകര്‍മോണിക്കയോട് അടുത്തേക്കാം. അതിന് കാരണം, സ്വന്തം നിലനില്‍പ്പ് നോക്കിയില്ലെങ്കില്‍ ആ കോര്‍പ്പറേറ്റ് വലയില്‍ അവള്‍ കുടുങ്ങി പോകുമെന്ന തിരിച്ചറിവ് തന്നെയാണ്. ആ തിരിച്ചറിവാണ് പലരുടെയും ജീവിതം തകര്‍ക്കാന്‍ കെല്‍പ്പുള്ള കാര്യങ്ങള്‍ ചെയ്യുന്ന തരത്തില്‍ മോണിക്കയെ ഡെയിഞ്ചറസ് ആക്കുന്നത്.
സിനിമയില്‍ മോണിക്കയോട് ജയന്ത്, താന്‍ കഠിനാധ്വാനം ചെയ്താണ് ഇവിടെ വരെ എത്തിയതെന്ന് പറഞ്ഞ് അവളെ തള്ളിക്കളയാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ "നിന്റെ കഴിവ് കൊണ്ടല്ല, കഥനകഥ കൊണ്ടാണ് നീ ഇവിടെ എത്തിയത്", എന്ന യാഥാര്‍ത്ഥ്യം ഒരു കൂസലും കൂടാതെ മോണിക്ക ജയന്തിനോട് പറയുന്നു. സത്യം പറയാന്‍ അവള്‍ക്ക് ഒരു മടിയുമില്ല. അധികാരത്തില്‍ ഇരിക്കുന്ന മൂന്ന് പുരുഷന്മാരെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിലൂടെ തനിക്ക് പ്രശ്‌നമുണ്ടാകുമെന്ന് മോണിക്ക തിരിച്ചറിയുന്നുണ്ട്. പക്ഷെ അതൊന്നും അവളെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നില്ല. ഹുമ ഖുറേഷിയുടെ മോണിക്ക ഒരു കലാപം സൃഷ്ടിക്കാന്‍ തന്നെ കെല്‍പ്പുള്ള വ്യക്തിയാണ്.
മോണിക്ക എന്ന രഹസ്യം മനസിലാക്കിയ രാജ്കുമാര്‍ അടക്കമുള്ള മൂന്ന് പുരുഷന്മാര്‍ അവളെ കൊല്ലാന്‍ തീരുമാനിക്കുകയാണ്. അവളെ കൊല്ലാന്‍ നോക്കുന്ന ആദ്യ ശ്രമത്തിന് ശേഷം മോണിക്ക ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. എന്നാല്‍ ഒടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് മോണിക്ക കൊല്ലപ്പെടുന്നു. പക്ഷെ ഒരു ബ്ലാക്കമെയിലര്‍ ആയതുകൊണ്ടാണോ മോണിക്ക കൊല്ലപ്പെടുന്നത്? സിനിമയില്‍ ഒരുപക്ഷെ അങ്ങനെയായിരിക്കാം പറഞ്ഞുവെച്ചത്. കാരണം സിനിമയുടെ ടൈറ്റില്‍ കഥാപാത്രം മോണിക്കയാണെങ്കിലും അവള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ മോണിക്കയെ സംവിധായകന്‍ സൈഡ് റോളിലേക്ക് ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവള്‍ മരിക്കാന്‍ കാരണം പണത്തിന് വേണ്ടി ബ്ലാക്കമെയില്‍ ചെയ്തതു കൊണ്ടാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നാം.
എന്നാല്‍ മോണിക്കയുടെ മരണത്തെ മറ്റൊരു തരത്തിലും കാണാന്‍ സാധിക്കും. ധൈര്യം കാണിച്ചതിന്റെ പേരിലാണ് അവള്‍ കൊല്ലപ്പെട്ടത്. അവളുടെ സാമര്‍ത്ഥ്യത്തിനും കള്ളങ്ങള്‍ക്കും എല്ലാം പിന്നില്‍ പ്രിവിലേജ്ഡ് അല്ല എന്ന കാരണം കൂടി ഒളിഞ്ഞ് കിടപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ പിവിലേജ്ഡ് ആയ പുരുഷന്മാര്‍ നിറഞ്ഞു നിന്ന ആ കമ്പനിയില്‍ സെക്രട്ടറി എന്നതിന് അപ്പുറത്തേക്ക് ഒരു സ്ഥാനം ലഭിക്കാന്‍ കഠിനാധ്വാനം കൊണ്ട് ആവില്ലെന്ന തിരിച്ചറിവില്‍ നിന്നായിരിക്കാം മോണിക്ക ഇത്തരത്തില്‍ എല്ലാം പ്രവര്‍ത്തിച്ചത്.
ശരിക്കും മോണിക്ക ഫെം ഫെയ്റ്റാല്‍ എന്ന് വിശേഷിപ്പിക്കേണ്ടവളല്ല. എന്തിനാണ് അത്തരമൊരു ലെന്‍സിലൂടെ അവളെ കാണുന്നത്? ജീവിത്തില്‍ മറ്റേത് വ്യക്തിയേയും പോലെ അവള്‍ ജീവിതത്തില്‍ മികച്ചത് ആഗ്രഹിച്ചു. ആ കമ്പനിയിലെ പുരുഷന്മാരെ പോലെ അത് നേടാന്‍ ഏത് അറ്റം വരെയും പോകാന്‍ അവള്‍ തയ്യാറായി. പുരുഷന്മാര്‍ ഇത് ചെയ്യുമ്പോള്‍ ഒരിക്കലും സമൂഹം അവരെ അത്തരമൊരു മോശം പദം ഉപയോഗിച്ച് ലേബല്‍ ചെയ്യാറില്ല.
മോണിക്ക അവളുടെ മനുഷ്യത്വവും അന്തസ്സും ഉയര്‍ത്തിക്കാട്ടുക തന്നെയാണ് ചെയ്തത്. അവള്‍ ആരെയും ഭയപ്പെടാത്തവളാണ്. സ്വന്തം ആവശ്യങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പിനെ കുറിച്ചും വളരെ വ്യക്തമായ ധാരണയുണ്ടാവുകയും അതു തുറന്ന് പറയുകയും ചെയ്യുന്നവള്‍. ഒരുപക്ഷെ അവളുടെ ഭൂതകാലം ബുദ്ധിമുട്ടുള്ളതായിരിക്കും. അപ്പോള്‍ സ്വയം ഒരു മെച്ചപ്പെട്ട ജീവിത സാഹചര്യം വേണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്നത് തെറ്റാകുന്നത് എങ്ങനെയാണ്. അതുകൊണ്ട് തന്നെ ഹുമ ഖുറേഷിയുടെ മോണിക്ക വില്ലന്‍ അല്ല മറിച്ച് ഹീറോയാണ്.